Kerala, News

15 മുതൽ 18 വയസുവരെയുള്ളവരുടെ വാക്‌സിനേഷൻ; ആദ്യ ദിനം കുത്തിവെയ്‌പ്പെടുത്തത് 38,417 കുട്ടികൾ

keralanews vaccination-of 15 to 18 year old on the first day 38417 children were vaccinated

തിരുവനന്തപുരം: 15 മുതൽ 18 വയസുവരെയുള്ളവരുടെ വാക്‌സിനേഷന്റെ ആദ്യ ദിനമായ ഇന്നലെ  കുത്തിവെയ്‌പ്പെടുത്തത് 38,417 കുട്ടികളെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കോവാക്‌സിനാണ് കുട്ടികൾക്ക് നൽകുന്നത്. 9338 ഡോസ് വാക്‌സിൻ നൽകിയ തിരുവനന്തപുരം ജില്ലയാണ് ഏറ്റവും കൂടുതൽ കുട്ടികൾക്ക് വാക്‌സിൻ നൽകിയത്. 6868 പേർക്ക് വാക്‌സിൻ നൽകി കൊല്ലം ജില്ല രണ്ടാം സ്ഥാനത്തും 5018 പേർക്ക് വാക്‌സിൻ നൽകി തൃശൂർ ജില്ല മൂന്നാം സ്ഥാനത്തുമാണെന്ന് മന്ത്രി പറഞ്ഞു. 551 വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് കുട്ടികൾക്കായി സജ്ജീകരിച്ചത്.മിക്ക കേന്ദ്രങ്ങളിലും നല്ല തിരക്കായിരുന്നു. ആർക്കും പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.തിരുവനന്തപുരം 9338, കൊല്ലം 6868, പത്തനംതിട്ട 1386, ആലപ്പുഴ 3009, കോട്ടയം 1324, ഇടുക്കി 2101, എറണാകുളം 2258, തൃശൂർ 5018, പാലക്കാട് 824, മലപ്പുറം 519, കോഴിക്കോട് 1777, വയനാട് 1644, കണ്ണൂർ 1613, കാസർഗോഡ് 738 എന്നിങ്ങനെയാണ് കുട്ടികൾക്ക് വാക്‌സിൻ നൽകിയത്.ജനുവരി 10 വരെ നടക്കുന്ന വാക്‌സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ജില്ല, ജനറൽ, താലൂക്ക് ആശുപത്രികൾ, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ചൊവ്വ, വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിൽ പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കുട്ടികൾക്കുള്ള പ്രത്യേക വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. ഒമിക്രോൺ സാഹചര്യത്തിൽ എല്ലാവരും കുട്ടികളെ വാക്‌സിൻ എടുപ്പിക്കേണ്ടതാണ്. 18 വയസിന് മുകളിലുള്ളവരിൽ വാക്‌സിനെടുക്കാൻ ബാക്കിയുള്ളവരും രണ്ടാം ഡോസെടുക്കാൻ സമയം കഴിഞ്ഞവരും എത്രയും വേഗം വാക്‌സിൻ എടുക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

Previous ArticleNext Article