തിരുവനന്തപുരം: സംസ്ഥാനത്ത് 18 മുതല്‍ 44 വയസ് വരെയുള്ള മുന്‍ഗണന വിഭാഗങ്ങള്‍ക്കുള്ള വാക്സിനേഷന് ഇന്ന് മുതൽ ആരംഭിക്കും.ഗുരുതര ഹൃദ്രോഗമുള്ളവർ, ഗുരുതരാവസ്ഥയിൽ പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും ചികിൽസ തേടുന്നവർ, വൃക്ക-കരൾ രോഗികൾ, അവയവ മാറ്റം നടത്തിയവർ, ഗുരുതര ശ്വാസകോശ രോഗികൾ, അർബുദ ബാധിതർ, എച്ച്. ഐ.വി ബാധിതർ,രക്തസംബന്ധമായ ഗുരുതര രോഗങ്ങളുള്ളവർ തുടങ്ങി 20 രോഗാവസ്ഥകളുള്ളവർക്കാണ് ആദ്യ പരിഗണന.പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് വാക്സിനേഷൻ നല്‍കുക. ഇതിന് മാര്‍ഗരേഖയും ഇറക്കി. രോഗവുമായി ബന്ധപ്പെട്ട മറ്റു രേഖകളും സമർപ്പിക്കാമെങ്കിലും സാക്ഷ്യപത്രം നിർബന്ധമാണ്. രേഖകൾ ജില്ലാ തലത്തിൽ പരിശോധിച്ച ശേഷം അർഹരായവരെ വാക്സീന്റെ ലഭ്യതയും മുൻഗണനയും അനുസരിച്ച് വാക്സിനേഷൻ കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിൽ സന്ദേശം അയക്കും.വാക്സിനേഷന് കേന്ദ്രങ്ങളില്‍ ഇവര്‍ക്കു പ്രത്യേക സജ്ജീകരണം ഏര്‍പ്പെടുത്തും. അപ്പോയിന്മെന്റ് എസ് എം എസ്, ആധാര്‍ അല്ലെങ്കില്‍ മറ്റ് അംഗീകൃത തിരിച്ചറിയല്‍ രേഖ, അനുബന്ധരോഗ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. സ്പോട്ട് രജിസ്ട്രേഷന് അനുവദിക്കില്ല. രണ്ടാം ഡോസിനും ഇവര്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം.ഇന്നലെ വൈകീട്ട് വരെ രേഖകള്‍ സഹിതം നാല്പതിനായിരത്തോളം പേര് രജിസ്റ്റര്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്. 11,625 പേരുടെ അപേക്ഷ മതിയായ രേഖകളില്ലാത്തതിനാല്‍ നിരസിച്ചതായും 25,511 പേരുടേത് തീര്‍പ്പ് കല്‍പിക്കാനുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. അപേക്ഷകൾ നിരസിച്ചവർക്കു വീണ്ടും രേഖകൾ സഹിതം അപേക്ഷിക്കാം.