ന്യൂഡൽഹി:18 വയസിനു മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ കുത്തിവെയ്പ് എടുക്കാനുള്ള ഓണ്‍ലൈന്‍ രജിസ്ട്രഷന്‍ ശനിയാഴ്ച മുതല്‍ തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.കോവിന്‍ ആപ്പ് മുഖേനയാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്.മുന്‍ഗണനാ വിഭാഗങ്ങള്‍ രജിസ്റ്റര്‍ ചെയ്ത അതേ പ്രക്രിയയാണ് ഈ പ്രായത്തിലുള്ളവരും പാലിക്കേണ്ടതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവാക്‌സിന്‍, കോവിഷീല്‍ഡ് എന്നിവയ്ക്കുപുറമെ റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക്ക് വിയും ചില വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലുണ്ടാവും.വാക്‌സിനേഷന് സ്വകാര്യകേന്ദ്രങ്ങളേര്‍പ്പെടുത്തും. തീയതിയും സമയവും ബുക്ക് ചെയ്യാന്‍ കോവിന്‍ പ്‌ളാറ്റ്‌ഫോമില്‍ വാക്‌സിന്‍ ടൈംടേബിള്‍ പ്രസിദ്ധീകരിക്കാന്‍ സ്വകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് ഒന്നു മുതല്‍ 18 വയസിന് മുകളിലുള്ള എല്ലാ പൗരന്മാര്‍ക്കും വാക്സിനേഷന്‍ ആരംഭിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. നിലവില്‍ 45 വയസിനു മുകളില്‍ മാത്രം പ്രായമുള്ളവര്‍ക്കാണ് കോവിഡ് വാക്സിനേഷന്‍ പരിമിതപ്പെടുത്തിയിരിക്കുന്നത്.
വാക്സിന്‍ സ്വീകരിക്കാന്‍ ചെയ്യേണ്ടത്:
1. CoWIN – cowin.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ കയറി നിങ്ങളുടെ പത്തക്ക മൊബൈല്‍ നമ്പറോ ആധാര്‍ നമ്പറോ നൽകി രജിസ്റ്റര്‍ ചെയ്യുക.
2. മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി നല്‍കുക.
3. രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് സൗകര്യമുള്ള ദിവസവും സമയവും നിശ്ചയിക്കാം.
4. നിങ്ങള്‍ നല്‍കിയ ദിവസം കോവിഡ് വാക്സിന്‍ സ്വീകരിക്കാവുന്നതാണ്.
ഇതിന് ശേഷം നിങ്ങള്‍ക്ക് ഒരു റഫറന്‍സ് ഐഡി ലഭിക്കും. ഇതുവഴി നിങ്ങളുടെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടാം.