തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗ സാദ്ധ്യത നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് വാക്സിനേഷന്‍ പരമാവധി വര്‍ദ്ധിപ്പിക്കാന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിൽ തീരുമാനം. 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും സെപ്തംബര്‍ അവസാനത്തോടെ നല്‍കിയിരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. ഇതിനു വേണ്ടി ഓരോ ജില്ലകളിലും വ്യക്തമായ പ്ലാന്‍ തയ്യാറാക്കി വാക്സിനേഷന്‍ ഡ്രൈവ് ശക്തിപ്പെടുത്തും. അവധി ദിവസങ്ങളില്‍ വാക്സിനേഷന്‍ അളവ് കുറവായിരുന്നുവെന്നും വരും ദിവസങ്ങളില്‍ ഇത് ശക്തിപ്പെടുത്തണമെന്നും യോഗം വിലയിരുത്തി. സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും യോഗം തീരുമാനിച്ചു. ദിവസവും ചുരുങ്ങിയത് രണ്ട് ലക്ഷം പരിശോധനകളെങ്കിലും നടത്താനാണ് തീരുമാനം. കൊവിഡ് വ്യാപനം കണക്കിലെടുത്ത് സമ്പർക്ക പട്ടിക തയാറാക്കുന്നത് കര്‍ശനമാക്കാനും പൊതുചടങ്ങുകളില്‍ പങ്കെടുത്തവരില്‍ ആര്‍ക്കെങ്കിലും രോഗം വന്നാല്‍ മുഴുവന്‍ പേരേയും പരിശോധിക്കാനും യോഗത്തില്‍ തീരുമാനമായി. രോഗ ലക്ഷണങ്ങളുള്ളവരും സമ്പർക്കത്തിലുള്ളവരും നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തണമെന്നും നിര്‍ദേശമുയര്‍ന്നു.നിലവില്‍ സംസ്ഥാനത്ത് ആവശ്യത്തിന് ഓക്സിജന്റെ കരുതല്‍ ശേഖരമുണ്ടെന്നും ആവശ്യമായി വന്നാല്‍ കര്‍ണാടകയെ ആശ്രയിക്കാവുന്നതാണെന്നും യോഗം വിലയിരുത്തി. ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. കുഞ്ഞുങ്ങള്‍ക്കായുള്ള ഐ സി യു സംവിധാനങ്ങളും പൂര്‍ണതോതില്‍ സജ്ജമാക്കിവരികയാണെന്നും അറിയിച്ചു.ആരോഗ്യ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, കെ.എം.എസ്.സി.എല്‍. എം.ഡി. ബാലമുരളി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍മാര്‍, ആര്‍.സി.എച്ച്. ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.