കൊച്ചി: ചാൻസലർ ഉത്തരവ് ഇറക്കുന്നതുവരെ വൈസ് ചാൻസലർക്ക് സ്ഥാനത്ത് തുടരാമെന്ന് ഹൈക്കോടതി. നിയമപരമായി മാത്രമേ വി.സിമാരെ പുറത്താക്കാൻ സാധിക്കൂവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിൽ വ്യക്തമാക്കി. രാജി ആവശ്യപ്പെട്ട് ഗവർണർ കത്തയച്ചത് ശരിയായില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ചാന്‍സലറായ ഗവര്‍ണര്‍ വിശദീകരണം ചോദിച്ചത്. വിശദീകരണം കേട്ട ശേഷം ഗവര്‍ണര്‍ അന്തിമ തീരുമാനമെടുക്കുന്നതുവരെ സ്ഥാനത്ത് തുടരാമെന്നാണ് കോടതി ഉത്തരവ്.സംസ്ഥാനത്തെ വൈസ് ചാൻസലർമാർ ഉടനടി രാജിവെക്കേണ്ടതില്ലെന്ന് ഗവർണർ നേരത്തെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. വിസിമാർ ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെ ഗവർണറുടെ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. രാജി അഭ്യർഥന മാത്രമാണ് താൻ നടത്തിയത്. വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. നവംബർ മൂന്നിന് വൈകിട്ട് അഞ്ച് മണിക്കുള്ളിൽ അതിനുള്ള മറുപടി നൽകിയാൽ മതിയെന്നും ഗവർണർ വ്യക്തമാക്കി.