കൊല്ലം:ഉത്ര വധക്കേസിൽ കോടതി ഇന്ന് ശിക്ഷ പ്രഖ്യാപിക്കും.കേസിൽ ഉത്രയുടെ ഭര്‍ത്താവ് അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സൂരജ് എസ് കുമാര്‍ കുറ്റക്കാരനാണെന്ന് കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി തിങ്കളാഴ്ച വിധിച്ചിരുന്നു. കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം മനോജാണു വിധി പറയുക. സ്വർണാഭരണങ്ങൾക്ക് വേണ്ടി സ്വന്തം ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ഭർത്താവ് സൂരജ് കുറ്റക്കാരനാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. വിചിത്രവും പൈശാചികവും ദാരുണവും എന്നാണ് ഉത്ര വധക്കേസിനെപ്പറ്റി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് കോടതിയോട് പറഞ്ഞത്. കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് വാദിച്ച പ്രോസിക്യൂഷൻ പ്രതിയ്‌ക്ക് വധശിക്ഷ നൽകണമെന്നും വാദിച്ചു. തുടർന്നാണ് വിധിപ്രഖ്യാപനം ഇന്നത്തേക്ക് മാറ്റിവെച്ചത്.വാദം കോടതി അംഗീകരിച്ചാല്‍ പ്രതിക്ക് വധശിക്ഷ ലഭിച്ചേക്കും. സൂരജിനെതിരെ ചുമത്തിയ കൊലപാതകം (വകുപ്പ് 302), കൊലപാതകശ്രമം (307), വിഷം നല്‍കി പരിക്കേല്‍പ്പിക്കുക (328), തെളിവുകള്‍ നശിപ്പിക്കുക (201)എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു.രാജ്യത്ത കുറ്റാന്വേഷണചരിത്രത്തിൽ തന്നെ സവിശേഷ പ്രധാന്യമുള്ള കേസായാണ് ഉത്രക്കേസ് പരിഗണിക്കപ്പെടുന്നത്. ഐപിഎസ് ട്രെയിനിംഗിന്റെ ഭാഗമായി പഠിക്കാനുള്ള കേസുകളുടെ പട്ടികയിൽ ഉത്ര കേസുണ്ട്. രാജ്യത്ത് ഇതിനു മുൻപ് രണ്ട് തവണ പാമ്പിനെ ഉപയോഗിച്ച് ആളുകളെ കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്‌ട്രയിലെ പൂണെയിലും നാഗ്പൂരിലുമായിരുന്നു അത്. എന്നാൽ രണ്ട് കേസുകളിലും തെളിവുകളുടെ അഭാവത്തിൽ പ്രതിയെ വിട്ടയയ്‌ക്കുകയായിരുന്നു. എന്നാൽ ഉത്ര വധക്കേസിൽ എല്ലാ തെളിവുകളും സൂരജിന് എതിരായിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഉത്രയുടെ കുടുംബവും.