ലക്നൗ: ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. ഉത്തർപ്രദേശിൽ രണ്ടാംഘട്ട വോട്ടെടുപ്പാണ് നടക്കുന്നത്. ഉത്തരാഖണ്ഡിലെ 69 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പാണ് തുടങ്ങിയത്. ചില ബൂത്തുകളിലെ വോട്ടിങ് മെഷീനുകൾ പ്രവർത്തിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
രണ്ടാം ഘട്ടം എന്ന നിലയില്‍ പടിഞ്ഞാറൻ ഉത്തർപ്രദേശിലെ 67 മണ്ഡലങ്ങളിലാണ് 720 സ്ഥാനാർഥികൾ ഇന്നു ജനവിധി തേടുന്നത്. എസ്പിയുടെ മുതിർന്ന നേതാവും മന്ത്രിയുമായ അസം ഖാൻ, മകൻ അബ്ദുല്ല അസം, കോൺഗ്രസ് മുൻ എംപി സഫർ അലി നഖ്‌വിയുടെ മകൻ സെയ്ഫ് അലി നഖ്‌വി, മുൻ കേന്ദ്രമന്ത്രി ജിതിൻ പ്രസാദ, ബിജെപി നിയമസഭാ കക്ഷി നേതാവ് സുരേഷ് കുമാർ ഖന്ന, സംസ്ഥാന മന്ത്രി മെഹബൂബ് അലി തുടങ്ങിയവരാണ് ഇന്നു ജനവിധി തേടുന്ന പ്രമുഖർ.
ഉത്തരാഖണ്ഡിലെ തിരഞ്ഞെടുപ്പ് പ്രചാരണം കോണ്‍ഗ്രസ് ഭാഗത്ത് നിന്ന് മുഖ്യമന്ത്രി ഹരീഷ് റാവത്ത് തന്നെ നയിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി അധ്യക്ഷൻ അമിത് ഷായുമാണ് ബിജെപിയുടെ പ്രചാരണത്തിനു നേതൃത്വം നൽകിയത്.