Kerala, News

അശാസ്ത്രീയ നിയന്ത്രണങ്ങൾ ജനങ്ങളെയും വ്യാപാരികളെയും ബുദ്ധിമുട്ടിക്കുന്നു; നിയന്ത്രണങ്ങളുടെ മറവിൽ പോലീസ് ജനങ്ങളിൽ നിന്നും കനത്ത പിഴ ഈടാക്കുന്നതായും പ്രതിപക്ഷം

keralanews unscientific restrictions trouble people and traders and police levying heavy fines from people

തിരുവനന്തപുരം: അശാസ്ത്രീയ കോവിഡ് നിയന്ത്രണങ്ങൾ ജനങ്ങളെയും വ്യാപാരികളെയും ബുദ്ധിമുട്ടിക്കുന്നതായും നിയന്ത്രണങ്ങളുടെ മറവിൽ പോലീസ് ജനങ്ങളിൽ നിന്നും കനത്ത പിഴ ഈടാക്കുന്നതായും പ്രതിപക്ഷ ആരോപണം.സര്‍ക്കാര്‍ ഉത്തരവില്‍ മാറ്റം വരുത്തണമെന്നും പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിൽ കെ. ബാബു ആവശ്യപ്പെട്ടു. മൂന്നു വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ കടകളില്‍ പോകുന്നതാണ് അഭികാമ്യമെന്നാണ് മന്ത്രി സഭയില്‍ പറഞ്ഞത്. എന്നാല്‍, ഉത്തരവിറങ്ങിയപ്പോള്‍ അഭികാമ്യം എന്നത് നിര്‍ബന്ധം എന്നായി മാറി.വളരെ പ്രതീക്ഷയോടെ ഇരുന്ന ജനങ്ങള്‍ക്ക് ഉത്തരവ് വന്നതോടെ വലിയ നിരാശ ഉണ്ടായി. സര്‍ക്കാറിന്‍റെ ഉത്തരവ് പ്രകാരം യുവാക്കള്‍ വീട്ടിലിരിക്കുകയും പ്രായമായവര്‍ പുറത്തേക്ക് ഇറങ്ങുകയും വേണം. വാക്സിന്‍ എടുത്ത യുവാക്കള്‍ കുറവാണ്. അതിനാല്‍ അവര്‍ക്ക് പുറത്തിറങ്ങാനാവില്ലെന്നും കെ. ബാബു ചൂണ്ടിക്കാട്ടി.കോവിഡ് നിയന്ത്രണങ്ങളുടെ മറവില്‍ പൊലീസ് അനാവശ്യ പിഴ ചുമത്തുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. പൊലീസ് ജനങ്ങളെ പീഡിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു. പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ എങ്ങനെ സാധനം വാങ്ങുമെന്ന് സതീശന്‍ ചോദിച്ചു.അതേസമയം പൊലീസ് ചെയ്യുന്നത് ഉത്തരവാദിത്ത നിര്‍വഹണമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് സഭയില്‍ വിശദീകരിച്ചു. നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ശ്രമിക്കുമ്പോൾ പൊലീസ് ഇടപെട്ടു. കോവിഡിന്‍റെ രണ്ടാം തരംഗം പൂര്‍ണമായി അവസാനിച്ചിട്ടില്ല. വാക്സിനേഷന്‍ പൂര്‍ത്തിയാകുന്നതിന് മുൻപ് മൂന്നാം തരംഗം ഉണ്ടായാല്‍ നിയന്ത്രിക്കാന്‍ സാധിക്കാതെ വരും. അതിതീവ്ര വ്യാപനശേഷിയുള്ള വൈറസ് ആണ് കേരളത്തിലുള്ളത്. എല്ലാ കാലവും ലോക്ഡൗണിലൂടെ മുന്നോട്ടു പോകാനാവില്ല. അതു കൊണ്ടാണ് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കുറച്ച്‌ ദിവസങ്ങളില്‍ രോഗികളുടെ എണ്ണം ഇരട്ടിയോ അധികമോ ആകാമെന്നും മന്ത്രി വ്യക്തമാക്കി.

Previous ArticleNext Article