കണ്ണൂർ:കടയിലേക്കുള്ള സാധനങ്ങൾ സ്വന്തമായി ഇറക്കിയതിനെ തുടർന്ന് കണ്ണൂരിൽ കടയുടമകളായ സഹോദരങ്ങളെ സി ഐ ടി യു തൊഴിലാളികൾ മർദിച്ചതായി പരാതി.മാതമംഗലം എസ്സാര്‍ അസോസിയേറ്റ് ഉടമ റബി മുഹമ്മദ് , സഹോദരന്‍ റഫി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കടയിലേക്കുള്ള സാധനങ്ങള്‍ സ്വന്തമായി ഇറക്കുന്നതിനെ ചോദ്യം ചെയ്ത തൊഴിലാളികള്‍ തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.പരിക്കേറ്റ ഇരുവരേയും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഒരാഴ്ച മുൻപാണ് ഇവർ മാതമംഗലത്ത് ഹാർഡ് വെയർ ഷോപ്പ് ആരംഭിച്ചത്. ഇവരുടെ കടയിലേക്ക് ആവശ്യമായ സാധനങ്ങൾ സ്വന്തമായി ഇറക്കുന്നതിന് ഹൈക്കോടതിയിൽ നിന്നും ഉത്തരവ് നേടിയിരുന്നു. ലോഡ് ഇറക്കുന്ന സമയങ്ങളിൽ തുടർച്ചയായി സിഐടിയു തൊഴിലാളികൾ എത്തി തടസ്സപ്പെടുത്തുന്നതിനാൽ കഴിഞ്ഞ ദിവസം പെരിങ്ങോം പോലീസിൽ കടയുടമ പരാതി നൽകിയിരുന്നു. തുടർന്ന് തൊഴിലാളി നേതാക്കന്മാരെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ഹൈക്കോടതി ഉത്തരവിനെ കുറിച്ച് ചർച്ച നടത്തുകയും ചെയ്തിരുന്നു.എന്നാൽ ഇന്നലെ ഉച്ചയ്‌ക്ക് കടയിലേക്ക് പൈപ്പ് ഇറക്കുന്നതിനിടയിൽ സംഘടിച്ചെത്തിയ സിഐടിയു തൊഴിലാളികൾ ജീവനക്കാരെ ആക്രമിച്ചെന്നാണ് പരാതി.അതേസമയം തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്ക കടയുടമയുടെ ശ്രദ്ധയിൽപെടുത്താനാണ് തൊഴിലാളികൾ എത്തിയതെന്നും, വാക്ക് തർക്കം മാത്രമാണ് ഉണ്ടായതെന്നും ചുമട്ടു തൊഴിലാളി യൂണിയൻ ഭാരവാഹികൾ വിശദീകരിച്ചു.