കോഴിക്കോട്: ഓടുന്ന ട്രെയിനിനുള്ളിൽ യാത്രക്കാര്‍ക്ക് നേരെ പെട്രോളൊഴിച്ച് തീ കൊളുത്തി. ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിലാണ് സംഭവം. തീകൊളുത്തിയത് കോഴിക്കോട് എലത്തൂര്‍ പാലത്തില്‍ വെച്ചാണ്. D1 കമ്പാർട്ട്മെന്റിലാണ് തീ പടർന്നത്. സംഭവത്തില്‍ എട്ട് പേര്‍ക്ക് പൊള്ളലേറ്റു. 5 പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ട്രാക്കിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അക്രമം കണ്ട് രക്ഷപ്പെടാൻ ട്രെയിനിൽ നിന്ന് ചാടിയവരാകാമെന്നാണ് പൊലീസ് പറയുന്നത്.യുവതിയുടേയും കുഞ്ഞിന്റേയും ഒരു മധ്യവയസ്‌കന്റേയും മൃതദേഹങ്ങളാണ് ട്രാക്കില്‍ കണ്ടെത്തിയത്.പാലത്തിനും എലത്തൂര്‍ സ്റ്റേഷനും ഇടയിലുള്ള ട്രാക്കിലാണ് മൂന്ന് മൃതദേഹങ്ങളും ഉണ്ടായിരുന്നത്. കോഴിക്കോട് ചാലിയം സ്വദേശികളായ ഷുഹൈബ് -ജസീല ദമ്പതിമാരുടെ മകള്‍ ഷഹ്റാമത്ത് (രണ്ടര വയസ്സ്), ജസീലയുടെ സഹോദരി കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി ബദ്റിയ മന്‍സിലില്‍ റഹ്‌മത്ത് (45) എന്നിവരാണ് മരിച്ചത്. മരിച്ച മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ട്രാക്കില്‍ തലയിടിച്ച് വീണ നിലയിലായിരുന്നു മൂന്നുപേരും.കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നു കണ്ണൂരിലേക്കു പുറപ്പെട്ട ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307) ട്രെയിനിൽ ഇന്നലെ രാത്രി 9.11 ഓടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തീ ആളിപ്പടർന്നതോടെ യാത്രക്കാർ അടുത്ത കോച്ചിലേക്ക് ഓടി. ചിലർ ചങ്ങല വലിച്ചതോടെ ട്രെയിൻ കോരപ്പുഴ പാലത്തിൽ പിടിച്ചിട്ടു. ഈ സമയത്താണ് അക്രമി കടന്നു കളഞ്ഞത്.പെട്രോൾ സ്പ്രേ ചെയ്‌ത ശേഷം തീകൊളുത്തുകയായിരുന്നു എന്നാണ് വിവരം. അക്രമിക്കും പൊള്ളലേറ്റതായും സൂചനയുണ്ട്. അക്രമം ഉണ്ടായ D1, D2 കോച്ചുകൾ പൊലീസ് സീൽ ചെയ്‌തു.പൊള്ളലേറ്റവരിൽ ഒമ്പത് പേരില്‍ രണ്ടുപേരുടെനില ഗുരുതരമാണ്. കണ്ണൂര്‍ സ്വദേശികളായ വക്കീല്‍ ഗുമസ്തന്‍ കതിരൂര്‍ നായനാര്‍ റോഡ് പൊയ്യില്‍ വീട്ടില്‍ അനില്‍ കുമാര്‍ (50), മകന്‍ അദ്വൈദ് (21) എന്നിവരാണവര്‍. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അക്രമിയെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്ന് പ്രാഥമിക വിവരം. അക്രമി ആരെന്ന് വ്യക്തമല്ല എന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. ഇയാൾക്കായി തെരച്ചിൽ തുടങ്ങി.അതേസമയം സംഭവത്തിന് ശേഷം ഒരാൾ ബൈക്കിൽ കയറി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. അക്രമം നടത്തിയത് ടിക്കറ്റ് റിസർവ് ചെയ്ത് വന്നയാളല്ലയെന്ന് ടിടിആർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.ബൈക്കുമായി ഒരാൾ എത്തുകയും ഇറങ്ങി വന്നയാൾ ബൈക്കിൽ കയറി രക്ഷപ്പെടുകയുമായിരുന്നു. ഇറങ്ങി വന്നയാൾ കൈ കാണിച്ചിട്ടല്ല ബൈക്ക് നിർത്തിയതെന്നത് പോലീസിന്റെ സംശയം കൂട്ടുന്നു.അക്രമിയുടെതെന്ന് സംശയിക്കുന്ന ബാഗും കണ്ടെത്തിയിട്ടുണ്ട്. ട്രാക്കിൽ നിന്നുമാണ് അക്രമിയുടെ ബാഗ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ബാഗിൽ നിന്നും അര കുപ്പിയോളം പെട്രോളിന് സമാനമായ വസ്തുവും, ഹിന്ദി ബുക്കുകളും, രണ്ട് ഫോണുകളും പോലീസ് കണ്ടെത്തി. സംഭവം ആസൂത്രിതമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്