തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളജില്‍ കുത്തേറ്റ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഖിലിന്‍റെ മൊഴി പുറത്ത്.തന്നെ കുത്തിയത് എസ്.എഫ്.ഐ പ്രവര്‍ത്തകനായ ശിവരഞ്ജിത്താണെന്ന് അഖില്‍ ഡോക്ടറോട് പറഞ്ഞു.എസ്.എഫ്.ഐ നേതാവ് നസീം അടക്കമുള്ളവര്‍ മര്‍ദിച്ചു. കൊലപ്പെടുത്താനായിരുന്നു ശ്രമമെന്നും അഖില്‍ പറഞ്ഞു.അടിയന്തര ശസ്ത്രക്രിയ കഴിഞ്ഞ അഖിൽ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. ആന്തരിക രക്തസ്രാവത്തെ തുടർന്നായിരുന്നു ശസ്ത്രക്രിയ. അഖിലിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.ഇന്നലെ രാവിലെയാണ് കോളേജിലെ എസ്‌എഫ്‌ഐ നേതാക്കള്‍ ചേര്‍ന്ന് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെ അഖിലിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ആദ്യം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഖിലിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. സംഭവത്തില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരായ ഏഴു പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയതെന്നും യൂണിറ്റ് സെക്രട്ടറി നിസാമാണ് കത്തി കൈമാറിയതെന്നുമാണ് സാക്ഷിമൊഴി.ഇരുവര്‍ക്കും പുറമേ മറ്റ് അഞ്ചു പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ശിവരഞ്ജിത്തിനും നിസാമിനും പുറമേ അമര്‍, അദ്വൈത്, ആരോമല്‍, ഇഹ്രാഹിം, ആരോമല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.അതേസമയം സംഭവത്തില്‍ പ്രതികളായ ഏഴ് എസ്‌എഫ്‌ഐ പ്രവര്‍ത്തകരും ഒളിവിലെന്ന് പോലീസ്. ഇന്നലെ രാത്രി പ്രതികളുടെ വീടുകളിലും ബന്ധുവീടുകളിലും പോലീസ് പരിശോധന നടത്തിയിരുന്നു. പരിശോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.