കണ്ണൂർ: നാടാകെ കൈ കോർത്തപ്പോൾ പുഴയ്ക്ക് പുനർജനി. കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ മാലിന്യ വാഹിനിയായ കാനാനി പുഴയെ ആണ് ആയിരങ്ങൾ അണിനിരന്ന ജനകീയ കൂട്ടായ്മയിലൂടെ വീണ്ടെടുത്തത്. മുണ്ടേരി പഞ്ചായത്തിലെ അയ്യപ്പൻമലയിൽ നിന്ന് തുടങ്ങി കണ്ണൂർ കോർപറേഷനിലെ മരക്കാർ കണ്ടി വഴി ഒഴുകി അറബി കടലിലേക്ക് ചേരുന്ന 10 കിലോമീറ്റർ ദൂരമാണ് ശുചീകരണത്തിലൂടെ തിരിച്ചു പിടിച്ചത്. വര്ഷങ്ങളോളം , കൃഷിയ്ക്ക് വേണ്ടിയും ശുദ്ധ ജല സംഭരണിയായും ഉപയോഗിച്ചിരുന്ന പുഴ കാലക്രമത്തിൽ നശിക്കുകയായിരുന്നു. വീടുകളിൽ നിന്നും ഫാക്ടറികളിൽ നിന്നുമുള്ള കക്കൂസ് മാലിന്യം ഉൾപ്പെടെ ഒഴുക്കിയ പുഴയെ അയ്യായിരത്തോളം വളണ്ടിയർമാർ അണിനിരന്ന ഒറ്റ ദിവസം കൊണ്ട് പുനരുജ്ജീവിപ്പിക്കുകയായിരുന്നു.