ന്യൂഡൽഹി:രാജിവെച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനോട് ഉടനെതന്നെ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച് കണ്ണന്‍ ഗോപിനാഥന്‍ താമസിക്കുന്ന ദാദ്ര ഹവേലി ഗസ്റ്റ് ഹൗസിന് മുന്നില്‍ നോട്ടീസ് പതിപ്പിച്ചു.രാജിക്കാര്യം അംഗീകരിക്കുന്നതുവരെ ജോലിയില്‍ തുടരാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ദാമന്‍ ദിയു ഭരണകൂടമാണ് നോട്ടീസ് അയച്ചത്. കേന്ദ്രഭരണപ്രദേശങ്ങളായ ദാമന്‍ ദിയു, ദാദ്രനദര്‍ ഹവേലി എന്നിവിടങ്ങളിലെ വൈദ്യുത പാരമ്പര്യേതരഊര്‍ജവകുപ്പ് സെക്രട്ടറി സ്ഥാനത്തിരിക്കെയാണ് കണ്ണന്‍ രാജിവെച്ചത്. ജമ്മുകശ്മീര്‍ വിഷയത്തില്‍ സ്വതന്ത്ര അഭിപ്രായം രേഖപ്പെടുത്താന്‍ സാധിക്കില്ലെന്നു കാട്ടി ഓഗസ്റ്റ് 21നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു രാജിക്കത്ത് നല്‍കിയത്.നോട്ടീസ് ലഭിച്ചെന്നറിയിച്ച കണ്ണന്‍ പ്രതികരണമറിയിക്കാന്‍ തയ്യാറായിട്ടില്ല.’20 ദിവസമായി കശ്മീരിലെ ജനങ്ങള്‍ക്ക് മൗലിക അവകാശങ്ങള്‍ അനുവദിക്കുന്നില്ല. ഒട്ടേറെ ഇന്ത്യക്കാര്‍ ഇതിനോട് യോജിക്കുന്നു. 2019ലെ ഇന്ത്യയിലാണ് ഇത് നടക്കുന്നത്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് തന്റെ വിഷയമല്ല. എന്നാല്‍ പൗരന്മാര്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കുന്നതിനോട് യോജിക്കാനാകില്ല. ഇതാണ് പ്രശ്‌നം. പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ സ്വാഗതം ചെയ്യാനോ പ്രതിഷേധിക്കാനോ കശ്മീരികള്‍ക്ക് അവകാശമുണ്ട്- അഭിപ്രായ സ്വാതന്ത്ര്യത്തിന് സിവില്‍ സര്‍വീസ് തടസ്സമാകുന്നു’ എന്നു പറഞ്ഞു കൊണ്ട് സ്ഥാനം രാജിവെച്ചൊഴിഞ്ഞ കണ്ണന്‍ ഗോപിനാഥന്‍ രാജിക്കത്തില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെയായിരുന്നു.
‘എനിക്കെന്റെ അഭിപ്രായ സ്വാതന്ത്ര്യം തിരികെ വേണം. മറ്റുള്ളവര്‍ക്കുവേണ്ടി ശബ്ദിക്കാമെന്നു വിശ്വസിച്ചുകൊണ്ടാണ് ഞാന്‍ സര്‍വ്വീസില്‍ കയറിയത്. പക്ഷേ എനിക്ക് എന്റെ ശബ്ദം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. രാജിയിലൂടെ എനിക്ക് അഭിപ്രായ സ്വാതന്ത്ര്യം തിരികെ ലഭിക്കും.’ രാജിക്കത്ത് സമര്‍പ്പിച്ച ശേഷം കണ്ണന്‍ പറഞ്ഞത് ഇങ്ങനെയാണ്.കലക്ടറായാണ് കണ്ണന്‍ രണ്ടുവര്‍ഷം മുന്‍പ് ദാദ്രനാഗര്‍ ഹവേലിയിലെത്തുന്നത്. ഇതിനു പുറമേ അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ അധിക ചുമതലയുമുണ്ടായിരുന്നു. അഡ്‌മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഘോഡാഭായി പട്ടേലുമായി നാളുകളായുള്ള അഭിപ്രായവ്യത്യാസവും രാജിയിലേക്കു നയിച്ചതായാണു സൂചന.2018ലെ പ്രളയശേഷം 10 ദിവസത്തോളമാണു കേരളത്തിലെ വിവിധ കലക്ഷന്‍ സെന്ററുകളിലും ക്യാംപുകളിലും സാധാരണക്കാരനായി കണ്ണന്‍ പ്രവര്‍ത്തനത്തിനെത്തിയത്. ഒടുവില്‍ കൊച്ചി കെബിപിഎസ് പ്രസിലെ കലക്ഷന്‍ സെന്ററില്‍ അന്ന് കലക്ടറായിരുന്ന വൈ.സഫിറുള്ള സന്ദര്‍ശനം നടത്തിയപ്പോഴാണു ചുമടെടുത്തുകൊണ്ടിരുന്ന കണ്ണനെ തിരിച്ചറിഞ്ഞത്.