India, News

സെനഗലിൽ പിടിയിലായ അധോലോക നായകൻ രവി പൂജാരിയെ ബെംഗളൂരുവിലെത്തിച്ചു

keralanews Underworld leader Ravi Pujari who was arrested in Senegal was taken to Bengaluru

ന്യൂഡൽഹി:പടിഞ്ഞാറന്‍ ആഫ്രിക്കയിലെ സെനഗലില്‍ പിടിയിലായ അധോലോക നായകൻ രവി പൂജാരിയെ ഇന്ത്യയിലെത്തിച്ചു.സെനഗലിൽ നിന്നും ആദ്യം ഡൽഹിയിലെത്തിച്ച രവി പൂജാരിയെ ഇന്ന് പുലര്‍ച്ചയോടെ മറ്റൊരു വിമാനത്തില്‍ ബംഗളുരുവിലേക്ക് എത്തിച്ചിട്ടുണ്ട്. കൊലപാതകം ഉള്‍പ്പടെ 200 ഓളം കേസുകളില്‍ പ്രതിയാണ് രവി പൂജാരി. കര്‍ണാടക പൊലീസാണ് ഇയാള്‍ക്ക് ഒപ്പം ഉള്ളത്. നീണ്ട 15 വര്‍ഷക്കാലത്തോളം ഇയാൾ ഒളിവിലായിരുന്നു.
ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നിരന്തരമായ ഇടപെടലിന് പിന്നാലെ കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയിലേയും സെനഗലിലേയും പൊലീസ് ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ ഓപറേഷനിലാണ് ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്ന് പൂജാരിയെ പിടികൂടിയത്. രണ്ടുവര്‍ഷം മുൻപ് വരെ ആസ്ട്രേലിയയില്‍ കഴിയുകയായിരുന്ന പൂജാരി പിന്നീട് സെനഗലില്‍ എത്തി. കഴിഞ്ഞ ജനുവരിയില്‍ സെനഗലില്‍ പിടിയിലായ പൂജാരി ജാമ്യം നേടിയതിന് പിന്നാലെ ദക്ഷിണാഫ്രിക്കയിലേക്ക് കടക്കുകയായിരുന്നു.ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനഫാസോയിലെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച്‌ ആന്റണി ഫെര്‍ണാണ്ടസ് എന്ന വ്യാജ പേരിലാണ് പൂജാരി ആഫ്രിക്കയില്‍ കഴിഞ്ഞിരുന്നത്. ഇന്ത്യയില്‍ ഇയാള്‍ക്കെതിരെ കൊലക്കേസുകള്‍ അടക്കം ഇരുന്നൂറിലേറെ കേസുകളുണ്ട്. അടുത്തിടെ കൊച്ചിയില്‍ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറില്‍ നടന്ന വെടിവയ്പ് കേസിലും പൂജാരിക്ക് പങ്കുണ്ട്.കര്‍ണാ‌ടക സ്വദേശിയായ പൂജാരി അധോലോക കുറ്റവാളികളായ ഛോട്ടാ രാജന്‍, ദാവൂദ് ഇബ്രാഹിം എന്നിവര്‍ക്ക് വേണ്ടിയാണ് പ്രധാനമായും പ്രവര്‍ത്തിച്ചിരുന്നത്.

Previous ArticleNext Article