കൊൽക്കത്ത:ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ ഫൈനൽ ഇന്ന്. വൈകിട്ട് എട്ട് മണിക്ക് കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ സ്പെയിന്‍ റണ്ണറപ്പായ ഇംഗ്ലണ്ടിനെ നേരിടും.ആദ്യ മത്സരത്തില്‍ ബ്രസീലിനോടേറ്റ തോല്‍വിക്ക് ശേഷം ആധികാരിക പ്രകടനങ്ങളോടെയാണ് സ്പാനിഷ് പട നാലാം ഫൈനലിന് യോഗ്യത നേടിയത്. എന്നാല്‍ ഇതുവരെ നടന്ന എല്ലാമത്സരങ്ങളിലും വിജയിച്ചാണ് ഇംഗ്ലീഷ് പട കന്നി ഫൈനലില്‍ ഇടംപിടിച്ചിരിക്കുന്നത്.മൂന്നാഴ്ച നീണ്ടുനിന്ന മത്സരത്തിൽ 24 ടീമുകളാണ് മത്സരിച്ചത്.റയാന്‍ ബ്രൂസ്റ്ററെന്ന ഇംഗ്ലണ്ടിന്റെ മുന്നേറ്റ നിരക്കാരനെ തളക്കുകയെന്നാതായിരിക്കും സ്പെയിനിന്റെ വെല്ലുവിളി. ക്വാര്‍ട്ടറില്‍ അമേരിക്കക്കെതിരെയും, സെമിയില്‍ ബ്രസീലിനെതിരെയും ഹാട്രിക്കുകള്‍ നേടിയ ലിവര്‍പൂള്‍ യുവതാരം ഗോള്‍ഡന്‍ ബൂട്ട് കൂടി ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.സ്പാനിഷ് പ്രതീക്ഷകള്‍ ക്യാപ്റ്റനും ബാര്‍സിലോണ യുവതാരവുമായ ആബെല്‍ റൂയിസിന്റെ കാലുകളിലാണ്. മാലിയുടെ തടിമിടുക്കിനെ സെമിയില്‍ സ്പെയിന്‍ മറികടന്നത് റൂയിസിന്റെ ഇരട്ടഗോള്‍ ബലത്തിലായിരുന്നു. ആറ് ഗോളുമായി ഗോള്‍ഡന്‍ ബൂട്ടിന് വേണ്ടിയുള്ള പോരാട്ടത്തിലും റയസുണ്ട്.അണ്ടര്‍ പതിനേഴിന്റെ കഴിഞ്ഞ മൂന്ന് യൂറോപ്പ്യന്‍ ചാമ്പ്യന്‍ ഷിപ്പുകളിലെയും ഫൈനലുകളില്‍ ഏറ്റുമുട്ടിയത് ഇംഗ്ലണ്ടും സ്പെയിനുമായിരുന്നു. അതില്‍ രണ്ട് തവണ സ്പെയിന്‍ വിജയക്കൊടി പാറിച്ചപ്പോള്‍ ഇംഗ്ലണ്ട് ഒരു തവണ ജേതാക്കളായി.