Kerala, News

സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു

keralanews uncertainty over opening of theaters in the state although government gave permission

കൊച്ചി:സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു.വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തിയശേഷം മാത്രം റിലീസിംഗുള്‍പ്പടെ തീരുമാനിച്ചാല്‍ മതിയെന്നാണ് ഫിലിം ചേംബറിന്റെ നിലപാട്. മാനദണ്ഡങ്ങള്‍ പാലിച്ച്‌ തിയേറ്ററുകള്‍ തുറക്കാന്‍ കഴിയുമോയെന്ന് ചര്‍ച്ച ചെയ്യാന്‍ ഫിലിം ചേംബറിന്റെ അടിയന്തര യോഗം ചേരുമെന്ന് പ്രസിഡന്റ് കെ വിജയകുമാര്‍ പറഞ്ഞു. മാസങ്ങളായി അടച്ചിട്ടിരിക്കുന്നതിനാല്‍ അറ്റകുറ്റപ്പണികള്‍ക്ക് ലക്ഷങ്ങള്‍ മുടക്കേണ്ടിയും വരും. വന്‍നഷ്ടം സംഭവിച്ച ഉടമകള്‍ക്ക് ഇവ താങ്ങാന്‍ കഴിയുകയില്ല. ചൊവ്വാഴ്ച തിയേറ്ററുകള്‍ തുറക്കാന്‍ സാദ്ധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു.സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് പോളി വി ജോസഫ് പറഞ്ഞു. നിബന്ധനകള്‍ പാലിച്ച്‌ തിയേറ്റര്‍ തുറക്കാന്‍ മുന്നൊരുക്കം നടത്താന്‍ സമയം വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നിര്‍മാതാക്കളും, വിതരണക്കാരും, തിയേറ്റര്‍ ഉടമകളുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്ന് ചലച്ചിത്ര പ്രവര്‍ത്തകരുടെ സംയുക്ത സംഘടനയായ ഫിയോക് അറിയിച്ചു.പകുതി സീറ്റുമായി പ്രദര്‍ശനം നടത്തുന്നത് നഷ്ടമാണ്.വൈദ്യുതി ഫിക്‌സഡ് ചാര്‍ജ്, വിനോദ നികുതി എന്നിവയില്‍ ഇളവുകിട്ടുമോയെന്ന് സര്‍ക്കാരിനോട് ആരാഞ്ഞ ശേഷമാകും തുടര്‍ തീരുമാനെന്നും സംഘടന അറിയിച്ചു.സിനിമാ സംഘടനയായ ഫിയോക്, നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും തീയേറ്റര്‍ ഉടമകളുടെയും സംയുക്ത സംഘടന കൂടിയാണ്.തിയേറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച ചൊവ്വാഴ്ച തന്നെയാണ് ഫിയോക്കിന്റെ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം ചേരുന്നത്. അതിനുശേഷം നിര്‍മാതാക്കളും വിതരണക്കാരുമായി ചര്‍ച്ച നടത്തുമെന്നും ഫിയോക് ഭാരവാഹികള്‍ അറിയിച്ചു.

Previous ArticleNext Article