തിരുവനന്തപുരം:കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സാലറി ചലഞ്ചില്‍ അനിശ്ചിതത്വം.എല്ലാ ജീവനക്കാരും സന്നദ്ധത അറിയിച്ചാലേ ഉത്തരവ് ഇറക്കൂവെന്നാണ് ധനവകുപ്പ് പറയുന്നത്. സാലറി ചലഞ്ചില്ലെങ്കില്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കാനും ഡി.എ കുടിശ്ശിക ദുരിതാശ്വാസ നിധിയിലേക്ക് മാറ്റുന്നതും ധനവകുപ്പ് പരിഗണിക്കുണ്ട്. അടുത്ത മന്ത്രിസഭാ യോഗത്തിലായിരിക്കും ഇതു സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുക.പ്രതിപക്ഷ സര്‍വീസ് സംഘടനകളുടെ വിയോജിപ്പാണ് സാലറി ചലഞ്ചില്‍ നിന്നുള്ള പിന്മാറ്റത്തിന് കാരണമെന്ന സൂചനയുണ്ട്.സാലറി ചലഞ്ച് സ്വമേധയാ നല്ല മനസ്സുള്ള ആളുകള്‍ നല്‍കുന്നതാണ്. അങ്ങനെയൊരു മനസ്സ് ഒരു വിഭാഗത്തിനില്ല എന്ന നിലപാട് സ്വീകരിക്കുകയും ഒരു വിഭാഗം മാത്രം എല്ലായ്‌പ്പോഴും ശമ്പളം നല്‍കുകയും ചെയ്യുന്നത് ശരിയല്ല. അതുകൊണ്ട് പകരം സംവിധാനങ്ങളെ കുറിച്ച് ആലോചിക്കുകയാണ്. സാലറി ചലഞ്ച് അടിച്ചേല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം മന്ത്രിസഭാ യോഗത്തിലുണ്ടാകുമെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക് പറഞ്ഞു.സംസ്ഥാനത്ത് ശമ്പള വിതരണത്തില്‍ നിയന്ത്രണം വേണ്ടിവരുമെന്ന് ധനമന്ത്രി തോമസ് ഐസക് നേരത്തെ വ്യക്തമാക്കിയിരുന്നു.പല സംസ്ഥാനങ്ങളും ജീവനക്കാര്‍ക്ക് പകുതി ശമ്പളമാണ് നല്‍കുന്നത്. മറ്റ് നിവൃത്തി ഇല്ലെങ്കില്‍ കേരളത്തിലും ശമ്പള നിയന്ത്രണം വേണ്ടി വരുമെന്നും തോമസ് ഐസക് നേരത്തെ പറഞ്ഞിരുന്നു.സാലറി ചലഞ്ചിന് ആരേയും നിര്‍ബന്ധിക്കുകയില്ലെന്നും നല്ല മനസ്സുള്ളവര്‍ മാത്രം ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്താല്‍ മതിയെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.