തളിപ്പറമ്പ്:തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ സ്കൂളിൽ പ്രവേശനപരീക്ഷ നടത്തി വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന വാദപ്രതിവാദങ്ങൾ കോടതിയിലെത്തിയതോടെ സ്കൂൾ പ്രവേശനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. 5,8 ക്ലാസ്സുകളിലേക്കാണ് പ്രവേശന പരീക്ഷയിലൂടെ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയിരുന്നത്.പ്രവേശന പരീക്ഷ നടത്തരുതെന്ന് കാണിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കമുള്ള നിരവധി സംഘടനകൾ പരാതിയുമായി രംഗത്ത് വന്നു.ഇതേ തുടർന്ന് ഇത്തവണ പ്രവേശന പരീക്ഷ നടത്തരുതെന്ന് പൊതു വിദ്യാഭ്യാസ ഡയറക്റ്റർ ഉത്തരവിറക്കി.തുടർന്ന് പ്രവേശന പരീക്ഷ റദ്ദാക്കിക്കൊണ്ട് ഡിപിഐ ഉത്തരവിറക്കി.ഇതിനെ ചോദ്യം ചെയ്ത് സ്കൂളിലെ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ സെക്രെട്ടറിയും ഒരു കുട്ടിയുടെ രക്ഷിതാവും ഹൈക്കോടതിയെ സമീപിച്ചു.ഇതിന്റെ അടിസ്ഥാനത്തിൽ ഡിപിഐയുടെ ഈ ഉത്തരവ് ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു.കോടതി ഉത്തരവ് വരുന്നതിനു മുൻപ് മറ്റു സ്കൂളുകളിൽ പ്രവേശനം നടത്തുന്നതിന് സമാനമായി പ്രവേശനം നടത്താൻ സ്കൂൾ അധികൃതർ തീരുമാനിച്ചിരുന്നു. ഇതറിഞ്ഞതോടെ രക്ഷിതാക്കളും കുട്ടികളും കൂട്ടത്തോടെ സ്കൂളിലെത്തി. അഞ്ചാം ക്ലാസ്സിലേക്ക് 60 വിദ്യാർത്ഥികൾക്കും എട്ടാം ക്ലാസ്സിലേക്ക് 30 വിദ്യാർത്ഥികൾക്കുമാണ് സാധാരണഗതിയിൽ പ്രവേശനം നൽകിയിരുന്നത്.എന്നാൽ കുട്ടികൾ കൂടുതലായെത്തിയതോടെ പ്രവേശനം നറുക്കെടുപ്പിലൂടെ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനത്തിനെതിരെയും യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകൾ മുന്നോട്ട് വന്നിട്ടുണ്ട്.നറുക്കെടുപ്പിലൂടെ പ്രവേശനം നടത്തുന്നതിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ ഡിഇഒ ഓഫീസ് ഉപരോധിച്ചു.യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.നറുക്കെടുപ്പ് രീതി താൽക്കാലികമായി ഒഴിവാക്കാമെന്ന ജില്ലാ ഓഫീസറിൽ നിന്നും ലഭിച്ച ഉറപ്പിനെ തുടർന്നാണ് പ്രവർത്തകർ ഉപരോധം അവസാനിപ്പിച്ചത്.ടാഗോർ വിദ്യാനികേതനിലെ പ്രവേശനം നറുക്കെടുപ്പിലൂടെ നടത്തരുതെന്നും അപേക്ഷിച്ച മുഴുവൻ കുട്ടികൾക്കും പ്രവേശനം നൽകുന്നതിനുള്ള നടപടിയെടുക്കണമെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് തളിപ്പറമ്പ് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.
Kerala, News
തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ സ്കൂളിലെ പ്രവേശനം അനിശ്ചിതത്വത്തിൽ
Previous Articleഹാരി-മേഗൻ രാജകീയ വിവാഹം ഇന്ന്