കണ്ണൂർ:കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ച രണ്ടുപേർക്ക് എവിടെനിന്നാണ് രോഗം പകർന്നതെന്ന് സ്ഥിരീകരിക്കാനായില്ല.ധർമടം,അയ്യങ്കുന്ന് സ്വദേശിനിയുടെ ഉറവിടമാണ് കണ്ടെത്താൻ കഴിയാത്തത്.ഇതിനായി ആരോഗ്യവകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രിയിലെ രണ്ട് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യവും ഗൗരവമുള്ളതാണ്.കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ധർമടം സ്വദേശിനിയായ അറുപത്തിരണ്ടുകാരിക്ക് വ്യാഴാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. കിടപ്പുരോഗിയായിരുന്ന ഇവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുൾപ്പെട്ട അറുപത്തിയെട്ടു പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി വിദഗ്ദ്ധ ഡോക്റ്റർമാരുടെ സംഘത്തെ നിയോഗിച്ചു.അയ്യങ്കുന്ന് സ്വദേശിനിയായ ആദിവാസി യുവതിക്ക് ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. പൂർണ്ണഗർഭിണിയായിരുന്ന ഇവർ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.തുടർന്നാണ് മെഡിക്കൽ കോളേജിൽ എത്തിയത്.ഇവർക്കും എവിടെനിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്താനായിട്ടില്ല.എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലയിൽ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് ഡിഎംഒ വ്യക്തമാക്കി.അതേസമയം രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.അനുവദിച്ച ഇളവുകളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടി വരുമെന്ന് ജില്ലാ കലക്റ്റർ മുന്നറിയിപ്പ് നൽകി.ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ രോഗബാധ സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം പേരും വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.