ന്യൂഡൽഹി: ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനിക ഉദ്യോഗസ്ഥൻ ലഫ്റ്റനന്റ് ഉമർ ഫയാസിന്റെ സംസ്കാര ചടങ്ങുകൾക്കിടെ ജനക്കൂട്ടത്തിന്റെ കല്ലേറ്. ഒരു സൈനികന്റെ തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയുതിർന്നത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തി. വെടിവയ്പ്പാണെന്നു കരുതി രോഷാകുലരായ ജനക്കൂട്ടം കല്ലെറിയുകയായിരുന്നു. ഉടൻതന്നെ സ്ഥിതി നിയന്ത്രണവിധേയമായി. ബന്ധുവീട്ടിൽ വിവാഹത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് യുവസൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ഡിസംബറിൽ കരസേനയിൽ ചേർന്ന ഫയാസ് ജമ്മുവിലെ അഖ്നൂർ മേഖലയിലാണു ജോലി ചെയ്തിരുന്നത്. പട്ടാളത്തിൽ ചേർന്നശേഷം ആദ്യമായി അവധിക്കു വന്നപ്പോഴാണ് തട്ടിക്കൊണ്ടുപോകലും, കൊലപാതകവും നടന്നത്. ഫയാസിന്റെ തലയിലും നെഞ്ചിലും വയറ്റിലും വെടിയുണ്ടകളേറ്റിരുന്നു.