കണ്ണൂര്‍:ജില്ലയിലെ മലയോര ഹൈവെയുടെ ഭാഗമായ ഉളിക്കല്‍ പയ്യാവൂര്‍ റോഡ് മുണ്ടാനൂര്‍ എസ്റ്റേറ്റിന് സമീപം ഇടിഞ്ഞു താഴ്ന്നു. ഇന്നലെ രാത്രി മുതല്‍ റോഡില്‍ ചെറിയ വിള്ളല്‍ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും ഇന്ന് രാവിലെയോടെ വിള്ളല്‍ വികസിച്ച് റോഡിന്റെ ഒരു വശം പൂര്‍ണ്ണമായും തകര്‍ന്ന് താഴേക്ക് പതിക്കുകയായിരുന്നു.റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു.ചെറിയ വിള്ളല്‍ രൂപപ്പെട്ടപ്പോള്‍ തന്നെ ഇതുവഴിയുള്ള ഗതാഗതം ഭാഗിഗമായി നിര്‍ത്തലാക്കിയിരുന്നു. ഇപ്പോള്‍ റോഡിന്റെ ഒരു വശം താഴേക്ക് ഇടിഞ്ഞു താഴ്ന്നതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തലാക്കിയിരിക്കുകയാണ്. ഉളിക്കലിനും പയ്യാവൂരിനുമിടയില്‍ മുണ്ടാനൂര്‍ എസ്റ്റേറ്റിന് സമീപത്താണ് റോഡ് തകര്‍ന്നത്. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ മുണ്ടാന്നൂര്‍ വാതില്‍മട പയ്യാവൂര്‍ റോഡിലൂടെ വഴി തിരിച്ചുവിട്ടിരിക്കുകയാണ്.അതേ സമയം നിര്‍മ്മാണത്തിലെ അപാകതയാണ് റോഡിന്റെ തകര്‍ച്ചക്ക് കാരണമായതെന്ന് ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയായപ്പോഴേക്കും റോഡ് തകര്‍ന്നതിന് പിന്നില്‍ നിര്‍മ്മാണത്തിലെ അശാസ്ത്രീയതയും പിഴവുകളുമാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.