കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ ഇടത് ഭരണ സമിതിക്കെതിരെ യു.ഡി.എഫിെന്‍റ അവിശ്വാസപ്രമേയം ശനിയാഴ്ച ചര്‍ച്ചക്ക്. സി.പി.എമ്മിലെ മേയര്‍ ഇ.പി. ലതക്കെതിരായ പ്രമേയത്തിന്മേലുള്ള ചര്‍ച്ച രാവിലെ തുടങ്ങി ഉച്ചയോടെ വോട്ടെടുപ്പ് നടക്കും. രാവിലെ 9 മുതലാണ് അവിശ്വാസ പ്രമേയത്തിന്മേലുളള ചര്‍ച്ച ആരംഭിക്കുക. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്.കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷിന്റെ പിന്തുണ ഉറപ്പിച്ച ശേഷമാണ് യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.അന്‍പത്തിയഞ്ച് അംഗങ്ങളുളള കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും ഇരുപത്തിയേഴ് വീതമാണ് അംഗസംഖ്യ. കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷിന്റെ പിന്തുണയോടെയായിരുന്നു കോര്‍പ്പറേഷന്‍ ഭരണം എല്‍.ഡി.എഫിന് ലഭിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പി.കെ രാഗേഷ് കെ.സുധാകരന് പരസ്യമായി പിന്തുണ നല്‍കിയതോടെയാണ് ഭരണ മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമായത്. സി.പി.എമ്മിെന്‍റ 27 അംഗങ്ങളില്‍ ഒരു കൗണ്‍സിലര്‍ ഈയിടെ മരിച്ചു. ഇപ്പോള്‍ എല്‍.ഡി.എഫിന് 26ഉം യു.ഡി.എഫിന് 27ഉം ആണ് അംഗബലം. അവിശ്വാസം പാസാകണമെങ്കില്‍ 28 നേടണം. അതിനാല്‍ യു.ഡി.എഫിന് പി.കെ. രാഗേന്റെ പിന്തുണ അനിവാര്യമാണ്. അദ്ദേഹം വിട്ടുനിന്നാല്‍പോലും അവിശ്വാസം പരാജയപ്പെടും.കോണ്‍ഗ്രസിലെ ജില്ലയിലെ പ്രമുഖനായ കെ. സുധാകരനുമായി ഉടക്കിയാണ് പി.കെ. രാഗേഷ് കഴിഞ്ഞ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ വിമതനായി മത്സരിച്ച് ജയിച്ചത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ പി.കെ. രാഗേഷ് കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറായതിന്റെ തുടര്‍ച്ചയായാണ് സുധാകരന്‍ മുന്‍കൈയെടുത്ത് കോര്‍പറേഷനില്‍ അവിശ്വാസം കൊണ്ടുന്നത്. അവിശ്വാസ പ്രമേയം പാസായാല്‍ ആദ്യ ആറ് മാസം മേയര്‍ സ്ഥാനം കോണ്‍ഗ്രസിലെ സുമാ ബാലകൃഷ്ണനും ശേഷമുളള ആറ് മാസം ലീഗിലെ സി.സീനത്തിനും നല്‍കാനാണ് യു.ഡി.എഫ് തീരുമാനം. പി.കെ രാഗേഷ് ഡപ്യൂട്ടി മേയര്‍ സ്ഥാനത്ത് തുടരും. അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോണ്‍ഗ്രസ് അംഗങ്ങള്‍ നല്‍കിയ ഹരജിയില്‍ കോടതി നിര്‍ദ്ദേശ പ്രകാരം പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.കൗണ്‍സിലര്‍മാരായ അഡ്വ. ടി.ഒ. മോഹനന്‍, സി. സമീര്‍ എന്നിവര്‍ ജില്ല കലക്ടര്‍, ജില്ല പൊലീസ് ചീഫ്, കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസർ, കൗണ്‍സിലര്‍ എന്‍. ബാലകൃഷ്ണന്‍ എന്നിവരെ പ്രതിചേര്‍ത്ത് നല്‍കിയ ഹരജിയിലാണ് ഹൈകോടതി നിര്‍ദേശം.കോര്‍പറേഷെന്‍റ പ്രത്യേക യോഗത്തില്‍ പെങ്കടുക്കാനെത്തുന്ന യു.ഡി.എഫ് അംഗങ്ങള്‍ക്ക് മതിയായ സുരക്ഷ നല്‍കണമെന്നും ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.