കണ്ണൂർ:മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ശുബൈബ് കൊല്ലപ്പെട്ടതിനെ തുടർന്ന് സമാധാനം പുനഃസ്ഥാപിക്കുന്നതിനായി കണ്ണൂരിൽ ഇന്ന് നടന്ന സമാധാന യോഗത്തിൽ ബഹളം.യോഗത്തിൽ കോൺഗ്രസ്-സിപിഎം നേതാക്കൾ തമ്മിൽ വാക്കേറ്റവുമുണ്ടായി.തുടർന്ന് യുഡിഎഫ് യോഗം ബഹിഷ്‌ക്കരിക്കുകയും ചെയ്തു.യോഗത്തിലേക്ക് പ്രതിപക്ഷ എംഎൽഎമാരെ ക്ഷണിച്ചില്ലെന്നാരോപിച്ച് ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനിയുൾപ്പെടെയുള്ള നേതാക്കളാണ് പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയത്.യുഡിഎഫ് ജനപ്രതിനിധികളെ ക്ഷണിക്കാത്ത യോഗത്തിൽ കെ.കെ രാഗേഷ് എം.പിയെ ഡയസിൽ ഇരുത്തിയതിനെ ചൊല്ലിയാണ് പ്രതിഷേധം ആരംഭിച്ചത്.ഇതോടെ യോഗത്തിന്‍റെ അധ്യക്ഷൻ എ.കെ. ബാലൻ വിഷയത്തിൽ ഇടപെട്ടു. ജനപ്രതിനിധികളുടെ യോഗമല്ല, വിവിധ രാഷ്ട്രീയ പാർട്ടികളുടെ യോഗമാണ് വിളിച്ചിരിക്കുന്നതെന്നും ബാലൻ പറഞ്ഞു. പിന്നെ എങ്ങിനെയാണ് രാഗേഷ് യോഗത്തിൽ പങ്കെടുക്കുന്നതെന്ന് യുഡിഎഫ് നേതാക്കൾ ചോദിച്ചു.അത് പാർട്ടി പ്രതിനിധി ആയിട്ടാണെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.എന്നാൽ ഇത് അംഗീകരിക്കാൻ യുഡിഎഫ് തയ്യാറായില്ല.സതീശൻ പാച്ചേനിയുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി പറയുന്നതിന് പകരം പി.ജയരാജൻ മറുപടി പറഞ്ഞതും കൂടുതൽ തർക്കങ്ങൾക്ക് ഇടയാക്കി.ഇതിനുശേഷം യോഗത്തിൽനിന്നും യുഡിഎഫ് ഇറങ്ങിപ്പോകുകയായിരുന്നു.പി.ജയരാജൻ നിയന്ത്രിക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ താല്പര്യമില്ലാത്തതുകൊണ്ടാണ് യോഗം ബഹിഷ്‌ക്കരിക്കുന്നതെന്ന് യുഡിഎഫ് എംഎൽഎമാർ മാധ്യമങ്ങളോട് പറഞ്ഞു.മുഖ്യമന്ത്രി സമാധാനയോഗം വിളിക്കാതെ ഇനി യോഗത്തിൽ പങ്കെടുക്കില്ലെന്നും യുഡിഎഫ് നേതാക്കൾ അറിയിച്ചു.യോഗം ബഹിഷ്‌ക്കരിച്ച യുഡിഎഫ് നേതാക്കൾ കെ.സുധാകരൻ നിരാഹാര സമരം നടത്തുന്ന പന്തലിലേക്ക് പോയി.