തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ രണ്ടു പൊലീസുകാര്‍ക്കു വധശിക്ഷ. പ്രതികളായ മറ്റു മൂന്നു പൊലീസുകാര്‍ക്കു മൂന്നു വര്‍ഷം തടവ് ശിക്ഷയും പ്രത്യേക സിബിഐ കോടതി വിധിച്ചു.ഒന്നാം പ്രതി എഎസ്‌ഐ ജിതകുമാറിനും രണ്ടാം പ്രതി സിവില്‍ പൊലീസ് ഓഫിസര്‍ ശ്രീകുമാറിനുമാണ് പ്രത്യേക സിബിഐ കോടതി ജഡ്ജി ജെ നാസര്‍ വധശിക്ഷ വിധിച്ചത്. ഇ.കെ.സാബു, ടി.കെ.ഹരിദാസ്, ടി.അജിത് കുമാര്‍ എന്നിവര്‍ക്കാണ് തടവുശിക്ഷ. ഇവര്‍ അയ്യായിരം രൂപ പിഴയും അടയ്ക്കണം.കേസിലെ പ്രതികളായ ആറ് പൊലീസുകാരും കുറ്റക്കാരാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.13 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറഞ്ഞത്. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനില്‍ വെച്ച് പൊലീസുകാര്‍ ഉദയകുമാറിനെ ഉരുട്ടി കൊലപ്പെടുത്തി എന്നാണ് സിബിഐ കേസ്. കേസിലെ ഒന്നും രണ്ടും പ്രതികളായ പൊലീസുകാരായ കെ.ജിതകുമാര്‍, എസ്.വി.ശ്രീകുമാര്‍ എന്നിവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തുവെന്ന് കോടതി കണ്ടെത്തി. ഇവര്‍ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരുന്നത്. മൂന്നാം പ്രതിയായ പൊലീസുകാരന്‍ എസ് വി സോമന്‍ വിചാരണയ്ക്കിടെ മരിച്ചു. അതിനാല്‍ അദ്ദേഹത്തെ കേസില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.മുന്‍ എസ്പിമാരായ ഇ.കെ.സാബു, ടി.കെ.ഹരിദാസ്, ഡിവൈഎസ്പി: ടി.അജിത് കുമാര്‍ എന്നിവർക്കെതിരെ ഗൂഢാലോചനയില്‍ പങ്കെടുക്കൽ, തെളിവു നശിപ്പിക്കൽ,വ്യാജ രേഖകള്‍ നിർമിക്കാൻ തുടങ്ങിയ കുറ്റങ്ങളും കോടതി കണ്ടെത്തി. 2005 സെപ്റ്റംബര്‍ 27നാണു മോഷണ കുറ്റം ആരോപിച്ച് ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാര്‍ ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനില്‍ ക്രൂരമായ മർദനത്തിന് ഇരയായത്. ഉരുട്ടല്‍ അടക്കം ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് വിധേയനായ ഉദയകുമാര്‍ പിന്നീട് ജനറലാശുപത്രിയില്‍ വെച്ച് മരിച്ചു. കേസ് ഇല്ലാതാക്കാന്‍ പൊലീസ് ആദ്യം ശ്രമിച്ചെങ്കിലും ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്ന് നടന്ന സിബിഐ അന്വേഷണത്തില്‍ പ്രതികളായ പൊലീസുകാരെ അറസ്റ്റ് ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരുക്കുകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു.