Kerala, News

യുഎപിഎ പിൻവലിക്കില്ല;അലൻ ശുഹൈബിന്റെയും താഹയുടെയും ജാമ്യാപേക്ഷയിൽ നാളെ വിധി പറയും

keralanews u a p a will not withdraw verdict on bail appllication of alan and thaha tomorrow

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത രണ്ടു സിപിഎം പ്രവര്‍ത്തകരായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ. കേസിന്റെ വാദത്തിനിടെ, ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല. യുഎപിഎ ഒഴിവാക്കുന്നത് സംബന്ധിച്ച്‌ സര്‍ക്കാരില്‍ നിന്നും നിര്‍ദേശം ഒന്നും ലഭിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. കസ്റ്റഡി അപേക്ഷ നല്‍കുന്നില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. നിലവില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ നിലനില്‍ക്കുന്നതായും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.യുഎപിഎയില്‍ പുനരാലോചന നടത്താന്‍ രണ്ടു ദിവസം വേണമെന്ന പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണ് കഴിഞ്ഞ ദിവസം കേസ് ഇന്നത്തേയ്ക്ക് മാറ്റിയത്. യുഎപിഎ നിലനിര്‍ത്തിക്കൊണ്ടും ജാമ്യത്തെ എതിര്‍ത്തുകൊണ്ടുമുള്ള റിപ്പോര്‍ട്ടാണ് പൊലീസ് കഴിഞ്ഞദിവസം കോടതിയില്‍ നല്‍കിയത്. എന്നാല്‍ ഇന്ന് പ്രതികളുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.പ്രതികള്‍ വിദ്യാര്‍ഥികളാണെന്ന് അവര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. യുഎപിഎ പോലുള്ള വകുപ്പുകള്‍ ചുമത്തുന്നത് അവരുടെ ഭാവിയെ ബാധിക്കുമെന്നും പ്രതിഭാഗം വാദിച്ചു.യുഎപിഎ നിലനിര്‍ത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് പൊലീസ് കഴിഞ്ഞദിവസം കോടതിയില്‍ നല്‍കിയത്. പ്രതികള്‍ക്കു ജാമ്യം നല്‍കുന്നതിനെ റിപ്പോര്‍ട്ടില്‍ ഇന്നലെ എതിര്‍ത്തിരുന്നു.അതിനിടെ ത്വാഹ ഫസലിന്‍റെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്തെന്ന പൊലീസ് പറയുന്ന രഹസ്യരേഖ പുറത്തായി. ‘മാവോയിസ്റ്റ് മാര്‍ഗരേഖ’ എന്ന ലഘുലേഖയാണ് പൊലീസ് പുറത്തുവിട്ടത്. പൊതു വാര്‍ത്താവിനിമയ മാര്‍ഗങ്ങള്‍ ആശയവിനിമയത്തിനായി ഉപയോഗിക്കരുതെന്ന് ലഘുലേഖയില്‍ പറയുന്നു. ‘പരസ്പരം മൊബൈലില്‍ വിളിക്കരുത് ‘, ‘ടെലിഫോണ്‍ ബൂത്തുകള്‍ ഒഴിവാക്കുക’, ‘സഖാക്കളുടെ പേരോ ‘ടെക്’ പേരോ ഫോണില്‍ പറയരുത് ‘, ‘ബൂത്തില്‍ നിന്ന് വിളിക്കുന്നതിന് പിന്നാലെ എന്തെങ്കിലും നമ്പര്‍ ഡയല്‍ ചെയ്യുക’, ‘ഫോണ്‍ നമ്പര്‍ ശത്രുവിന് ലഭിച്ചാല്‍ ‘സിം’ മാത്രമല്ല മൊബൈല്‍ ഫോണും മാറ്റുക’ എന്നീ നിര്‍ദ്ദേശങ്ങളാണ് ലഘുലേഖയിലുള്ളത്.

Previous ArticleNext Article