Kerala, News

യുഎപിഎ കേസ്:പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 14 ലേക്ക് മാറ്റി

keralanews u a p a case the hearing of bail application of accused postponed to 14th of this month

കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 14 ലേക്ക് മാറ്റി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ജാമ്യാപേക്ഷ മാറ്റിയത്. കേസില്‍ സര്‍ക്കാരിനോട് കോടതി റിപ്പോര്‍ട്ട് തേടി.സിപിഎം പ്രവര്‍ത്തകരായ ഒളവണ്ണ മൂര്‍ക്കനാട് താഹ ഫസല്‍ (24), തിരുവണ്ണൂര്‍ പാലാട്ട് നഗര്‍ അലന്‍ ഷുഹൈബ് (20) എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി മാറ്റിയത്. കഴിഞ്ഞ ദിവസം ഇവരുടെ ജാമ്യാപേക്ഷ യുഎപിഎ പ്രത്യേക കോടതി കൂടിയായ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി തള്ളിയിരുന്നു.

മാവോവാദ ബന്ധം തെളിയിക്കുന്ന ഒരു രേഖയും പോലീസിന്റെ പക്കലില്ലെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ പറഞ്ഞു. നിയമ വിദ്യാര്‍ഥിയാണെന്നും തനിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും അലന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു. തന്റെ വീട്ടില്‍ നിന്ന് ഒരു ഫോണ്‍ മാത്രമാണ് പോലീസ് കണ്ടെടുത്തത്. അത് മാവോവാദി ബന്ധം തെളിയിക്കാനുള്ള ഒരു രേഖയല്ലെന്നും അലന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു.പിടിയിലാകുമ്ബോള്‍ തന്നെക്കൊണ്ട് പോലീസ് മുദ്രാവാക്യം വിളിപ്പിച്ചുവെന്ന കാര്യമാണ് താഹയുടെ ജാമ്യാപേക്ഷയില്‍ പറയുന്നത്. മുദ്രാവാക്യം വിളിക്കുന്നത് ഏതെങ്കിലും തരത്തില്‍ ഒരു ക്രിമിനല്‍ കുറ്റമല്ലെന്നും അപേക്ഷയില്‍ പറയുന്നു. മാത്രമല്ല കീഴ്ക്കോടതി തങ്ങള്‍ക്കെതിരെ എന്തെങ്കിലും കുറ്റമുണ്ടെന്ന് പറഞ്ഞിട്ടില്ല. ജേര്‍ണലിസം വിദ്യാര്‍ഥിയാണ്. ഏതെങ്കിലും തരത്തിലുള്ള പുസ്തകങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെങ്കിലും അത് സിപിഐ ( മാവോയിസ്റ്റ്) സംഘടനയില്‍ അംഗമാണെന്ന് പറയാന്‍ കഴിയില്ല തുടങ്ങിയ കാര്യങ്ങളാണ് താഹയുടെ ജാമ്യഹര്‍ജിയില്‍ പറയുന്നത്.

Previous ArticleNext Article