കോഴിക്കോട്:മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ശുഹൈബിനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമനെ തിരിച്ചറിഞ്ഞതായി പോലീസ്. പോലീസിനെ കണ്ടു ഓടി രക്ഷപെട്ടത് മലപ്പുറം പാണ്ടിക്കാട് സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ഉസ്മാനാണെന്നാണു പോലീസ് കണ്ടെത്തല്‍. ഇയാള്‍ സജീവ മാവോയിസ്റ്റ് പ്രവര്‍ത്തകനാണെന്നു പോലീസ് പറയുന്നു. ഇയാള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പലതും മാവോയിസ്റ്റ് പ്രവര്‍ത്തനവുമായ ബന്ധപ്പെട്ടതാണ്. ഇയാള്‍ക്കെതിരേയും യുഎപിഎ കേസുകള്‍ മുന്‍പ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓടി രക്ഷപ്പെടുന്നതിനിടെ ഇയാളുടെ കൈയിലുണ്ടായിരുന്ന ബാഗ് പോലീസിന് ലഭിച്ചിരുന്നു. ഈ ബാഗില്‍ നിന്നാണ് മാവോയിസ്റ്റ് ബന്ധം വ്യക്തമാകുന്ന പോസ്റ്ററുകളും മറ്റും ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് ഇയാളെ പോലീസ് തിരിച്ചറിഞ്ഞത്.ഒപ്പം, ചോദ്യം ചെയ്യലില്‍ അലനും താഹയും ഉസ്മാനെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയതായാണു സൂചന.അതേസമയം അലന്റേയും താഹയുടേയും കസ്റ്റഡി കാലാവധി ഇന്ന് തീരും. തുടര്‍ന്ന് ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയുടെ പരിഗണനക്ക് വരുന്നുണ്ട്. ഈ സന്ദര്‍ഭത്തില്‍ പോലീസ് ഉസ്മാന്റെ കൂടുതല്‍ വിവരങ്ങള്‍ നല്‍കിയേക്കുമെന്നാണ് സൂചന. നേരത്തേ, മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.