കൊച്ചി:കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റുചെയ്ത താഹാ ഫസലിനും, അലന് ഷുഹൈബിനും ജാമ്യമില്ല. ഇരുവരുടെയും ജാമ്യാപേക്ഷ കോടതി തള്ളി.കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.ഇരുവര്‍ക്കും ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന് എതിര്‍ത്ത സാഹചര്യത്തിലാണ് നടപടി.കേസില്‍ അന്വേഷണം പുരോഗിക്കുന്ന ഈ ഘട്ടത്തില്‍ പ്രതികള്‍ക്കു ജാമ്യം നല്‍കാനാവില്ലെന്ന് കോടതി പറഞ്ഞു. കേസ് ഡയറിയും മറ്റു തെളിവുകളും ഹൈക്കോടതി വിശദമായി പരിശോധിച്ചിരുന്നു. പ്രതികള്‍ക്കു മാവോയിസ്റ്റു ബന്ധമുണ്ടെന്നു തെളിയിക്കുന്ന രേഖകള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കി. യുഎഎപിഎ ചുമത്തിയതിന്റെ കാരണവും അറിയിച്ചു.പ്രതികളില്‍നിന്ന് പിടിച്ചെടുത്ത കുറിപ്പുകളില്‍ ചിലത് കോഡ് ഭാഷയിലാണ്. ഇതിന്റെ ഉള്ളടക്കവും മറ്റും കണ്ടെത്താന്‍ വിശദമായ പരിശോധന വേണം. മാത്രമല്ല കേസിലെ മറ്റൊരു പ്രതിയായ ഉസ്മാനെ പിടികൂടാനുണ്ടെന്നും ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളിലും നാല് യുഎപിഎ കേസുകളിലും പ്രതിയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. അതിനാല്‍ കേസില്‍ ഇനിയും അന്വേഷണം ആവശ്യമാണെന്നും ഈ ഘട്ടത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും പൊലീസ് പറഞ്ഞു.