Kerala, News

യുഎപിഎ ചുമത്തി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത സംഭവം;മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മാവോയിസ്റ്റ് വിരുദ്ധ സേനാ ഉദ്യോഗസ്ഥര്‍ കേരളത്തിലേക്ക്

keralanews u a p a arrest anti maoist squad from other states will arrive kerala

കോഴിക്കോട്: സിപിഎം പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഇവരുടെ മാവോയിസ്റ്റ് ബന്ധം അന്വേഷിക്കുന്നതിനായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മാവോയിസ്റ്റ് വിരുദ്ധ സേനാ ഉദ്യോഗസ്ഥര്‍ കോഴിക്കോട് എത്തുന്നു. കേരള പൊലീസ് ശേഖരിച്ച തെളിവുകള്‍ പരിശോധിക്കുന്നതിന് വേണ്ടിയാണ് ഇതര സംസ്ഥാന അന്വേഷണ സംഘങ്ങള്‍ എത്തുന്നത്.വിദ്യാര്‍ഥികളുടെ മാവോയിസ്റ്റ് ബന്ധം വ്യക്തമാക്കുന്ന തരത്തിലുള്ള ശക്തമായ തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചതായി പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ തെളിവുകള്‍ പരിശോധിക്കാനായാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അന്വേഷണ സംഘം എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമ്ബോള്‍ തങ്ങളുടെകൂടി സാന്നിധ്യത്തില്‍ ചോദ്യംചെയ്യണമെന്നും ഇവര്‍ കേരള പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം അലന്‍ മറ്റൊരു സംസ്ഥാനത്തുനിന്നുള്ള മാവോയിസ്റ്റ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി പോലീസ് പറയുന്നു. പാലക്കാട് വെച്ചാണ് കൂടിക്കാഴ്ച നടന്നത്. ഇതിനു ശേഷമാണ് അലന്റെ മാവോയിസ്റ്റ് ബന്ധം സജീവമായതെന്നും ഇതു സംബന്ധിച്ചും അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.അലന്റെ വീട്ടില്‍നിന്ന് ഒരു മൊബൈല്‍ ഫോണ്‍ മാത്രമാണ് പിടിച്ചെടുത്തതെങ്കിലും അലന്‍ ആറ് ഫോണുകള്‍ ഉപയോഗിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. ഈ ഫോണുകളുടെ ഉപയോഗം സംബന്ധിച്ചുള്ള വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമത്തെ ആളെ കണ്ടെത്താന്‍ മറ്റു സംസ്ഥാനങ്ങളിലടക്കം അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് പറയുന്നു.

Previous ArticleNext Article