ഇരിട്ടി:തില്ലങ്കേരി പള്ള്യാത്ത് വീട്ടിലുണ്ടായ സ്ഫോടനത്തിൽ രണ്ടു യുവാക്കൾക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ പത്തരമണിയോടെ പള്ള്യാത്ത് മടപ്പുരയ്ക്ക് സമീപം അശ്വിൻ നിവാസിൽ സുരേഷിന്റെ വീടിനു പിറകിലാണ് സ്ഫോടനമുണ്ടായത്.സുരേഷിന്റെ മകൻ അശ്വിൻ(23),സുഹൃത്തും അയൽവാസിയുമായ രഞ്ജിത്ത് എന്ന കുട്ടൻ(25) എന്നിവർക്കാണ് സ്ഫോടനത്തിൽ പരിക്കേറ്റത്.ഇവരെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യുമ്പോഴാണ് ഇരുവർക്കും പരിക്കേറ്റതെന്ന് മുഴക്കുന്ന് പോലീസ് പറഞ്ഞു.സംഭവ സ്ഥലത്ത് മുഴക്കുന്ന് എസ്ഐ സി.രാജേഷിന്റെ നേതൃത്വത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ വീടിനു പിറകിൽ നിന്നും സ്ഫോടക വസ്തുവിന്റെ അവശിഷ്ടം,പൊട്ടക്കിണറ്റിൽ നിന്നും വസ്ത്രങ്ങൾ,സ്ഫോടക വസ്തു നിർമാണ സാമഗ്രികൾ, പടക്കങ്ങൾ എന്നിവ കണ്ടെടുത്തു.പരിക്കേറ്റവർ സിപിഎം പ്രവർത്തകരാണെന്ന് പോലീസ് പറഞ്ഞു.എന്നാൽ സംഭവവുമായി യാതൊരു ബന്ധവും സിപിഎമ്മിനില്ലെന്ന് സിപിഎം പ്രാദേശിക നേതൃത്വം വ്യക്തമാക്കി.അതേസമയം സംഭവത്തെ കുറിച്ച് ഗൗരവപരമായ അന്വേഷണം നടത്തണമെന്ന് ബിജെപി മട്ടന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ് രാജൻ പുതുക്കുടി ആവശ്യപ്പെട്ടു.