കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ രണ്ടുവയസ്സുകാരിക്ക് എയര്‍ ഇന്ത്യ ഒന്നര കോടി രൂപ നഷ്ടപരിഹാരം നല്‍കും.നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്ന് എയര്‍ ഇന്ത്യ കമ്പനി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചു.അപകടത്തിൽ കുട്ടിയുടെ പിതാവ് കുന്ദമംഗലം സ്വദേശി ഷറഫുദ്ധീൻ മരിച്ചിരുന്നു.വിമാനത്തില്‍ ഷറഫുദ്ദീനൊപ്പമുണ്ടായിരുന്ന അമീനയ്ക്കും മകള്‍ക്കും ഗുരുതര പരുക്കേറ്റിരുന്നു. അമീന ഷെറിനും മകളും മാതാപിതാക്കളും നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് എത്രയും വേഗം നല്‍കാന്‍ ജസ്റ്റിസ് എന്‍ നഗരേഷ് ഉത്തരവിട്ടത്.മരിച്ചയാളുടെയും ഭാര്യയുടെയും നഷ്ടപരിഹാരം തീരുമാനിക്കാനുള്ള പൂര്‍ണ്ണ രേഖകള്‍ ലഭിച്ചശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇതിന്‍റെ ഭാഗമായി ക്ലെയിം ഫോറം ഉടന്‍ നല്‍കുമെന്ന് ഹര്‍ജിക്കാരും ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്ന് എത്രയും വേഗം അപേക്ഷ നല്‍കാനും പരിഗണിച്ച് നല്‍കാന്‍ ഉദ്ദേശിക്കുന്ന തുക വ്യക്തമാക്കാനും കോടതി നിര്‍ദേശിച്ചു. ഇതോടെയാണ് കഴിഞ്ഞ ദിവസം 1,51,08,234 രൂപ നഷ്ടപരിഹാരം രണ്ടു വയസുകാരിക്ക് നല്‍കാമെന്ന് വിമാനക്കമ്പനി അറിയിച്ചത്.ഇക്കഴിഞ്ഞ ഓഗസ്റ്റ് ഏഴിനാണ് കരിപ്പൂരില്‍ വിമാനാപകടമുണ്ടായത്. ലാന്‍ഡിങ്ങിനിടെ വിമാനം തെന്നിനീങ്ങിയായിരുന്നു അപകടം. പൈലറ്റും കോ-പൈലറ്റും ഉള്‍പ്പെടെ 21 പേരാണ് അപകടത്തില്‍ മരിച്ചത്. നിരവധിപേര്‍ക്ക് പരുക്കേറ്റു.വിമാന അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും പരുക്കേറ്റവര്‍ക്കും വിമാന കമ്ബനി 1.19 കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നമെന്നായിരുന്നു വിലയിരുത്തല്‍. യാത്രക്കാരുടെ അവകാശങ്ങള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തുവിട്ട വിജ്ഞാപനം പ്രകാരമാണ് വലിയ തുക നഷ്ടപരിഹാരം നല്‍കേണ്ടി വരിക.രാജ്യത്തെ നാല് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ കൂട്ടായ്മയാണ് കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്പ്രസ് വിമാനം ഇന്‍ഷുര്‍ ചെയ്തിരിക്കുന്നത്. ഏകദേശം 375 കോടി രൂപയുടെ ഇന്‍ഷുറന്‍സാണ് വിമാനത്തിനുള്ളത്. വിമാനടിക്കറ്റ് എടുക്കുമ്പോൾ തന്നെ സ്വാഭാവികമായി ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.