കൊൽക്കത്ത:മമത ബാനര്‍ജിയെ സമ്മര്‍ദത്തിലാക്കി പശ്ചിമ ബംഗാളിൽ അട്ടിമറി നീക്കവുമായി ബി.ജെ.പി. രണ്ട് എം.എല്‍.എമാരും അന്‍പതോളം കൌണ്‍സിലര്‍മാരും ബി.ജെ.പിയില്‍ ചേര്‍ന്നു. മുകുള്‍ റോയിയുടെ മകന്‍ ഉള്‍പ്പെടെ രണ്ട് എം.എല്‍.എമാരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഒരു സി.പി.എം എം.എൽ.എയും ബി.ജെ.പി അംഗത്വം സ്വീകരിച്ചു.തൃണമൂൽ കോൺഗ്രസിൻറ എം.എൽ.എമാരായ ബീജ്പൂരിൽ നിന്നുള്ള ശുബ്രാങ്ശു റോയ്, ബിഷ്ണുപൂരിൽ നിന്നുള്ള തുഷാർ കാന്ദി ഭട്ടാചാര്യ എന്നിവരാണ് ബി.ജെ.പിയിൽ ചേർന്നത്. അതേസമയം ഇനിയും കുറേ പേര്‍ ബി.ജെ.പിയിലേക്ക് വരുമെന്ന് പാര്‍ട്ടി അവകാശപ്പെട്ടു. പശ്ചിമ ബംഗാളിലെ ഹെംതാബാദിൽ നിന്നുള്ള സി.പി.എം എം.എൽ.എ രവീന്ദ്രനാഥ് റോയിയാണ് ബി.ജെ.പി അംഗത്വം സ്വീകരിച്ച മറ്റൊരു എം.എല്‍.എ. പൊതുതെരഞ്ഞെടുപ്പ് തുടങ്ങിയത് മുതൽ പശ്ചിമ ബംഗാളില്‍ ബി.ജെ.പിയും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള സംഘർഷം രൂക്ഷമാണ്.എം.എൽ.എമാരെയും കൌണ്‍സിലര്‍മാരെയും ചാക്കിട്ട് പിടിച്ചതോടെ മമത ബാനര്‍ജിയെയും തൃണമൂൽ കോൺഗ്രസിനെയും കൂടുതൽ സമ്മർദത്തിലാക്കിയിരിക്കുകയാണ് ബി.ജെ.പി.