കണ്ണൂർ:പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.പ്ലസ് വൺ വിദ്യാർത്ഥികളായ അജൽ നാഥ്(16) ആദിത്യൻ(16) എന്നിവരാണ് മരിച്ചത്.അഞ്ചരക്കണ്ടി-മമ്പറം റോഡിൽ മൈലുള്ളിമെട്ട പോസ്റ്റോഫീസിനു സമീപം ഓടക്കടവ് കുന്നത്ത്പാറയിലാണ് അപകടം.ശനിയാഴ്ച രാവിലെ ഒന്പതരയോടെയാണ് കീഴത്തൂരിൽ നിന്ന് ആറുപേരും മൈലുള്ളിയിൽ നിന്ന് നാലുപേരുമായി കൂട്ടുകാർ കുന്നത്ത്പാറയിൽ ഒത്തുകൂടിയത്.പുഴയിൽ നിന്നും കുറച്ച് അകലെയുള്ള കളിസ്ഥലത്ത് മൊബൈലിൽ പബ്‌ജി കളിയും മറ്റുമായി കുറച്ചുനേരം ചിലവഴിച്ചു.11 മണിയോടെ അജൽനാഥും ആദിത്യനും പുഴയുടെ ഭാഗത്തേക്ക് പോയി.പിന്നീട് പുഴക്കരയിൽ നിന്നും ആദിത്യന്റെ കരച്ചിൽ കേട്ടാണ് കൂട്ടുകാർ ഓടിയെത്തിയത്.ആ സമയം അജൽനാഥ് പുഴയിൽ മുങ്ങിത്താഴുകയായിരുന്നു.കൂട്ടുകാരായ അഭിനന്ദും റാഹിലും പുഴയിൽ ചാടി അജൽനാഥിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.അതിനിടെ നീളമുള്ള വടിയുമായി ആദിത്യനും പുഴയിലേക്ക് ചാടി.അജലിന്റെ കൈയ്യകലം വരെ എത്തിയെങ്കിലും ആദിത്യനും മുങ്ങിപോവുകയായിരുന്നുവെന്ന് കൂട്ടുകാർ പറഞ്ഞു.പിണറായി പോലീസും കൂത്തുപറമ്പ് അഗ്‌നിരക്ഷ സേനയും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.അജൽനാഥ് വേങ്ങാട് ഹയർസെക്കണ്ടറി സ്കൂളിൽ ഹ്യൂമാനിറ്റിസിനും ആദിത്യൻ പിണറായി എ കെ ജി സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ കൊമേഴ്സിനും പഠിക്കുകയാണ്.മൈലുള്ളിമെട്ട മീത്തലെ കേളോത്ത് പരേതനായ രവീന്ദ്രന്റെയും റീത്തയുടെയും മകനാണ് അജൽനാഥ്.കുഴിയിൽപീടിക ശ്രീസന്നിധിയിൽ ജയന്റേയും ഗീതയുടെയും മകനാണ് ആദിത്യൻ.