Kerala

കക്കി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു; പമ്പയിൽ 10 സെന്റീമീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യത; തീരദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം

keralanews two shutters of kakki dam opened water level in pampa is likely to rise up to 10 cm

പത്തനംതിട്ട: കക്കി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നതോടെ പമ്പാനദിയിൽ 10 സെന്റീമീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്.പമ്പ, റാന്നി, ആറന്മുള, ചെങ്ങന്നൂര്‍ മേഖലകളിലേക്ക് വൈകാതെ വെള്ളമെത്തുമെന്നാണ് മുന്നറിയിപ്പ്.ഇതോടെ പമ്പയുടെ തീരത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിച്ച്‌ തുടങ്ങി. ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാണെന്നും ആളുകള്‍ ക്യാമ്പുകളിലേക്ക്  മാറാന്‍ തയ്യാറാകണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. പമ്പ അണക്കെട്ടില്‍ നിലവില്‍ റെഡ് അലര്‍ട്ടാണ്. ജലനിരപ്പ് 984.62 ല്‍ എത്തി.പമ്പയിലെ ജലനിരപ്പ് അപകടകരമാം വിധം ഉയര്‍ന്ന സാഹചര്യത്തില്‍ തുലാ മാസ പൂജക്കായി (19, 20, 21 തീയതികളില്‍) ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി ഉണ്ടാവില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് തീരുമാനം.നിലവിലെ സാഹചര്യത്തിൽ ശബരിമല ദര്‍ശനത്തിനായി സംസ്ഥാനത്തിന്റെ പല കേന്ദ്രങ്ങളിലും കാത്തു നില്‍ക്കുന്ന അയ്യപ്പഭക്തര്‍ തിരികെ അവരുടെ നാടുകളിലേക്ക് മടങ്ങിപ്പോകണമെന്ന് ദേവസ്വം ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു.

Previous ArticleNext Article