Kerala

ദളിത് യുവാക്കളെ ഉടുമുണ്ടഴിച്ച് മര്‍ദിച്ച സംഭവം: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

keralanews two rss workers under remand

തലശ്ശേരി : ദേശീയപാതയില്‍ തലായിയില്‍ ദളിത് യുവാക്കളെ ഉടുമുണ്ടഴിച്ച് മര്‍ദിച്ച സംഭവത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. ഇനുവരി 19ന് ഉച്ഛയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. ബൈക്കില്‍ ചുവപ്പ് മുണ്ടുടുത്ത് യാത്ര ചെയ്യുകയായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച് ഉടുമുണ്ടഴിച്ച് റോഡിലൂടെ നടത്തിയെന്നാണ് പരാതി.

മാഹിയിലെബന്ധുവീട്ടിലേക്ക് പോകുന്നവഴി 30 ഓളം വരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തങ്ങളെ ബൈക്കില്‍ നിന്ന് വലിച്ചിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്. ഉടുമുണ്ടു പറിച്ച് തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ മുകളിലേക്ക് എറിയുകയും ചെയ്തു. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

ടെമ്പിള്‍ഗേറ്റ് അടിയേരി ഹൗസില്‍ എ. ശ്രീഷ് (36), നങ്ങാറത്ത്പീടിക ശിവദത്തില്‍ ടി.കെ. വികാസ് (37) എന്നിവരേയാണ് തലശേരി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തത്. ദളിത് പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി 10 ആര്‍എസ്എസ്-ബിജെപിക്കാര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

കുട്ടിമാക്കൂലിലെ പ്രിന്‍സ്, വിപിനേഷ് എന്നിവരെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഇത് വീഡിയോയില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് ദളിത് മര്‍ദ്ദനത്തെക്കുറിച്ച് പുറംലോകം അറിയുന്നത്.

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *