കണ്ണൂർ:കണ്ണൂര്‍ സബ് ജയിലിൽ രണ്ട് റിമാന്‍ഡ് പ്രതികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ചെറുകുന്ന് സ്വദേശിയായ 33കാരനും, ചെറുപുഴ സ്വദേശി 49കാരനുമാണ് സമ്പർക്കത്തിലൂടെ വൈറസ് ബാധയുണ്ടായിരിക്കുന്നത്.ചെറുകുന്ന് സ്വദേശി കഴിഞ്ഞ ഇരുപത്തി മൂന്നാം തീയതിയാണ് കണ്ണൂര്‍ സബ് ജയിലില്‍ എത്തിയത്.പോലീസ് ഉദ്യോഗസ്ഥയെ അവഹേളിച്ച കേസിലാണ് ഇയാള്‍ റിമാന്റിലായത്. ചെറുപുഴ സ്വദേശി കാട്ടുപന്നിയെ കൊന്ന കേസിലെ പ്രതിയാണ്. ദീര്‍ഘകാലം കാസര്‍ഗോഡ് ഒളിവിലായിരുന്ന ഇയാള്‍ പോലീസ് പിടിയിലായതിനെ തുടര്‍ന്ന് കഴിഞ്ഞ ഇരുപത്തിയൊന്നാം തീയതിയാണ് കണ്ണൂര്‍ സബ് ജയിലില്‍ എത്തിയത്. പ്രതികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സബ് ജയിലിലെ സൂപ്രണ്ട് ഉള്‍പ്പെടെ 17 ജീവനക്കാര്‍ നിരീക്ഷണത്തിനായി.കണ്ണപുരത്തെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കണ്ണപുരം സ്റ്റേഷനിലെ എസ്‌ഐ ഉള്‍പ്പെടെ 27 പൊലിസുകാര്‍ നിരീക്ഷത്തത്തിലാണ്.ചെറുപുഴയിലെ പ്രതിയെ ഹാജരാക്കിയ പയ്യന്നൂര്‍ കോടതി അടച്ചു. മജിസ്ട്രേറ്റും ഉദ്യോഗസ്ഥരും ക്വാറന്റീനില്‍ പ്രവേശിച്ചു. ചെറുപുഴ സ്റ്റേഷനിലെ പൊലീസുകാര്‍ക്കും ക്വാറന്‍റീനില്‍ പോകാന്‍ നിര്‍ദ്ദേശ നല്‍കിയിട്ടുണ്ട്.ഇന്നലെ കണ്ണൂര്‍ ജില്ലയില്‍ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മറ്റു മൂന്നുപേര്‍ ധര്‍മ്മടം സ്വദേശികളാണ്. ഇവരുടെ കുടുംബത്തിലെ എട്ടുപേര്‍ക്ക് ആണ് ഇതോടെ രോഗബാധ കണ്ടെത്തിയത്. കുടുംബത്തിന് എങ്ങനെ രോഗബാധ ഉണ്ടായി എന്ന കാര്യത്തില്‍ വ്യക്തതയില്ല. അയ്യന്‍കുന്ന് പഞ്ചായത്തിലെ പട്ടിക വിഭാഗത്തില്‍ പെട്ട യുവതിക്ക് രോഗബാധ എങ്ങനെയുണ്ടായി എന്ന കാര്യവും ആരോഗ്യവകുപ്പ് അന്വേഷിച്ചുവരികയാണ്.