പയ്യന്നൂർ: കോടതി കേസുമായി ബന്ധപ്പെട്ട തൊണ്ടിമുതലുകൾ സൂക്ഷിക്കുന്ന മുറിയിൽ സൂക്ഷിച്ചിരുന്ന മദ്യം മോഷ്ടിച്ചവർ പിടിയിൽ. ചൂരലിലെ രാജൻ(36),മന്മഥൻ(36)എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി ഒൻപതോടെയായിരുന്നു സംഭവം.പയ്യന്നൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കെട്ടിടത്തിന്‍റെ പ്രോപ്പർട്ടി മുറിയിൽ സൂക്ഷിച്ച മദ്യം ഗ്രിൽസിന്‍റെ പൂട്ട് തകർത്തായിരുന്നു മോഷണം. ഫൈൻ അടച്ചതും അദാലത്തുകളിൽ തീർത്തതും വിധിയായതുമായ കേസുകളിലെ തൊണ്ടുമുതലുകളാണ് ഈ മുറിയിൽ സൂക്ഷിച്ചിരുന്നത്.അബ്കാരി കേസുകളിൽ പിടിക്കപ്പെട്ട നാടൻ ചാരായവും വിദേശമദ്യവും ഇക്കൂട്ടത്തിലുണ്ടായിരുന്നു. പൂട്ട് തകർത്ത് അകത്തുകയറിയ മോഷ്ടാവ് കന്നാസുകൾ ഉൾപ്പെടെയാണ് എടുത്തുകൊണ്ടുപോയത്. ഇതിനുശേഷം പയ്യന്നൂർ പുതിയ ബസ്‌സ്റ്റാൻഡ് പരിസരത്ത് അടിപിടി നടക്കുന്നതറിഞ്ഞെത്തിയ പോലീസാണ് രാജനെ പിടികൂടിയത്.പരസ്യമദ്യപാനത്തിന് കേസെടുക്കാൻ എത്തിയ പോലീസ് ഇവരുടെ കയ്യിൽ നിന്നും 15 കുപ്പി മദ്യം പിടിച്ചെടുത്തു. പോലീസ് ഇയാളെ കൂടുതൽ ചോദ്യംചെയ്തപ്പോഴാണ് കോടതിയിൽ തൊണ്ടിമുതലായി സൂക്ഷിച്ചുവച്ചിരുന്ന മദ്യമാണ് ഇയാളും കൂട്ടാളികളും കുടിച്ചു പ്രശ്നമുണ്ടാക്കിയതെന്ന് മനസിലായത്.ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.പിന്നീടാണ് മന്മഥനെ പിടികൂടിയത്.
Kerala, News
തൊണ്ടിമുതലായി സൂക്ഷിച്ച മദ്യം മോഷ്ടിച്ചവർ പിടിയിൽ
Previous Articleഐഎസ് ബന്ധം;കണ്ണൂരിൽ രണ്ട് പേർകൂടി പിടിയിലായി