Kerala, News

കാസർകോട് വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ച്‌ രണ്ടുപേര്‍ മരിച്ചു;യുവതി അറസ്റ്റിൽ

keralanews two persons died after consuming poisonous ice cream woman arrested

കാസര്‍കോട് : വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ച്‌ രണ്ടുപേര്‍ മരിച്ചു.സംഭവവുമായി ബന്ധപ്പെട്ടു കാഞ്ഞങ്ങാട് സ്വദേശിനി വര്‍ഷ എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് പോലീസ് കേസെടുത്തത്. വര്‍ഷയുടെ മകന്‍ അദ്വൈത് (5) സഹോദരി ദൃശ്യ (19) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ 11-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായിരിക്കുന്നത്. ആത്മഹത്യ ചെയ്യാനായി വര്‍ഷ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി. ഇതു കഴിച്ച ശേഷം അസ്വസ്ഥത തോന്നി മുറിയില്‍പ്പോയ വര്‍ഷ ഉറങ്ങിപ്പോയി.ഈ സമയത്ത് അഞ്ച് വയസ്സുള്ള മകന്‍ അദ്വൈത്, രണ്ട് വയസ്സുള്ള സഹോദരന്‍, വര്‍ഷയുടെ സഹോദരി ദൃശ്യ എന്നിവര്‍ മേശപ്പുറത്ത് വെച്ച ഐസ്ക്രീം എടുത്ത് കഴിക്കുകയായിരുന്നു.ഇതിനു പിന്നാലെ ഇവര്‍ ഹോട്ടലില്‍ നിന്നു വാങ്ങിയ ബിരിയാണിയും കഴിച്ചു. രാത്രിയോടെ അദ്വൈത് ഛര്‍ദിക്കാന്‍ തുടങ്ങി. എലിവിഷം കഴിച്ച് പ്രശ്നമൊന്നും തോന്നാത്തതിനാൽ വർഷ ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. കുട്ടി ഛര്‍ദ്ദിച്ചത് ബിരിയാണി കഴിച്ചിട്ടാണെന്ന് വീട്ടുകാരും വിചാരിച്ചു. ഛര്‍ദ്ദി രൂക്ഷമായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച അദ്വൈത് പുലര്‍ച്ചെയോടെ മരണപ്പെടുകയായിരുന്നു. അന്ന് വൈകിട്ടോടെ രണ്ടു വയസുകാരിയായ മകള്‍ക്കും പിന്നാലെ ദൃശ്യക്കും ഛര്‍ദില്‍ തുടങ്ങി. വര്‍ഷയും അവശനിലയിലായി. തുടര്‍ന്ന് എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു ഉണ്ടായത്. വര്‍ഷയും ഇളയ മകളും സുഖം പ്രാപിച്ചെങ്കിലും ദൃശ്യയുടെ അവസ്ഥ ഗുരുതരമായി തുടര്‍ന്നു.പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയോടെ ദൃശ്യയും മരണത്തിനു കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ വര്‍ഷയെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു.

Previous ArticleNext Article