കണ്ണൂർ:ഒരിടവേളയ്ക്ക് ശേഷം കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങൾ.മാഹി പള്ളൂരിൽ ഒരു മണിക്കൂറിനിടെ രാഷ്ട്രീയ സംഘർഷത്തിൽ കൊല്ലപ്പെട്ടത് രണ്ടുപേർ.സിപിഎം പള്ളൂർ ലോക്കൽകമ്മിറ്റി അംഗവും മുൻ നഗരസഭാ കൗൺസിലറുമായ കണ്ണിപ്പൊയിൽ ബാബുവിന് നേരെയാണ് ആദ്യം ആക്രമണം നടന്നത്.ഇന്നലെ രാത്രി വീട്ടിലേക്ക് പോകുന്നതിനിടെയാണ് ബാബുവിന് വെട്ടേറ്റത്.ഗുരുതരാവസ്ഥയിലായ ബാബുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്.ഈ വാർത്ത പുറത്തു വന്ന ഒരുമണിക്കൂറിനുള്ളിലാണ് ആർഎസ്എസ് പ്രവർത്തകൻ ഷമോജിന് നേരെ ആക്രമണം ഉണ്ടായത്.രാത്രി പത്തുമണിയോട് കൂടി മാഹി പാലത്തിനു സമീപത്തുവെച്ചാണ് ഷമോജിന് വെട്ടേറ്റത്.മാരകമായി വെട്ടേറ്റ ഷമോജിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണപ്പെട്ടു.കൊലപാതകത്തിൽ ഇരു പാർട്ടിക്കാരും പരസ്പ്പരം പഴിചാരി. ആർഎസ്എസിന്റെ കൂത്തുപറമ്പിലെ ആയുധ പരിശീലന ക്യാമ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ബാബുവിന് നേരെ ആക്രമണം ഉണ്ടായതെന്നും സംഭവത്തിൽ വ്യക്തമായ അന്വേഷണം നടത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു.ഷാമോജിന്റെ കൊലയ്ക്ക് പിന്നിൽ സിപിഎം ആണെന്ന് ബിജെപിയും ആരോപിച്ചു.രണ്ടു കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ആരെയും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല.എന്നാൽ രണ്ടും രാഷ്ട്രീയ കൊലപാതകങ്ങളാണെന്നാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.ബാബുവിന്റെ കൊലപാതകത്തിനുള്ള തിരിച്ചടിയാണ് ഷമോജിന്റെ കൊലപാതകമെന്നും എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.കുറെ നാളുകളായി സമാധാനം നിലനിൽക്കുന്ന മേഖലയിൽ വീണ്ടും സംഘർഷം ഉടലെടുത്തതോടെ ജനങ്ങൾ ആശങ്കയിലാണ്.സംഘർഷാവസ്ഥ കണക്കിലെടുത്ത് കണ്ണൂരിലും മാഹിയിലും പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.