ഗോൾഡ്‌കോസ്റ്റ്:കോമൺവെൽത്ത് ഗെയിംസിൽ നിന്നും രണ്ടു മലയാളി താരങ്ങളെ പുറത്താക്കി. കേരളത്തിൽനിന്നുള്ള കെ.ടി.ഇർഫാനെയും രാഗേഷ് ബാബുവിനെയും ആണ് പുറത്താക്കിയത്. ഗെയിംസ് വില്ലേജിൽ ഇവർ താമസിക്കുന്ന മുറിയുടെ സമീപത്തുനിന്ന് സിറിഞ്ച് കണ്ടെത്തിയതിനെ തുടർന്നാണ് ഗെയിംസ് സംഘാടകർ ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.ഇരുവരുടെയും അക്രഡിറ്റേഷനും റദ്ദുചെയ്തിട്ടുണ്ട്.അതുകൊണ്ടു തന്നെ ഇരുവർക്കും ഇനി ഗെയിംസ് വില്ലേജിൽ തുടരാൻ കഴിയില്ല.ഇതിനാൽ രണ്ടു താരങ്ങളും ഉടൻതന്നെ ഇന്ത്യയിലേക്കു മടങ്ങേണ്ടിവരും.ഇരുവരെയും ഏറ്റവും അടുത്ത വിമാനത്തിൽ ഇന്ത്യയിലേക്കു തിരിച്ചയയ്ക്കാൻ ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷനോട് കോമണ്‍വെൽത്ത് ഗെയിംസ് ഫെഡറേഷൻ പ്രിസിഡന്‍റ് ലൂയിസ് മാർട്ടിൻ ആവശ്യപ്പെട്ടു. അതേസമയം ഇവരുടെ രക്ത,മൂത്ര സാമ്പിളുകൾ പരിശോധിച്ചെങ്കിലും ഉത്തേജകത്തിന്റെ അംശം കണ്ടെത്താനായിട്ടില്ല.തങ്ങൾ വിറ്റാമിൻ ഡി കുത്തിവെയ്പ്പാണ് എടുത്തതെന്നാണ് ഇരു താരങ്ങളുടെയും വാദം.ഇരുവർക്കുമെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷനും അറിയിച്ചു. നടത്ത ഇനത്തിൽ മത്സരിച്ച കെ.ടി.ഇർഫാൻ നേരത്തെ പുറത്തായിരുന്നു. എന്നാൽ മികച്ച പ്രകടനത്തോടെ രാഗേഷ് ബാബു ട്രിപ്പിൾ ജംപ് ഫൈനലിൽ കടന്നു. ശനിയാഴ്ചയായിരുന്നു രാഗേഷ് ഫൈനലിൽ മത്സരിക്കേണ്ടിയിരുന്നത്.നടപടി നേരിട്ടതിനാൽ രാഗേഷിന് ഇനി ഗെയിംസിൽ മത്സരിക്കാൻ കഴിയില്ല.