ബെംഗളൂരു:മുഖ്യമന്ത്രി കുമാരസ്വാമിയെ പ്രതിസന്ധിയിലാഴ്ത്തി കർണാടകയിൽ രണ്ട് സ്വതന്ത്ര എംഎൽഎമാർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. എച്ച്.നാഗേഷ്, ആര്.ശങ്കര്‍ എന്നിവരാണു കോണ്‍ഗ്രസ്-ദള്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്.ഇരുവരും പിന്തുണ പിൻവലിച്ചുകൊണ്ടുള്ള കത്ത് ഗവർണ്ണർക്ക് കൈമാറി.നിലവിൽ കോൺഗ്രസ്-ജെ ഡി എസ് സഖ്യത്തിന് 120 എംഎൽഎമാരുടെ പിന്തുണയാണുള്ളത്.രണ്ടുപേർ പിന്തുണ പിൻവലിച്ചതോടെ ഇത് 118 ആയി.224 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിന് 113 പേരുടെ പിന്തുണയാണ് വേണ്ടത്.
അതേസമയം കോണ്‍ഗ്രസിലെ ഏഴ് എംഎല്‍എമാരെ വശത്താക്കി രണ്ടാം ‘ഓപ്പറേഷന് താമര’യ്ക്കു നീക്കമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സ്വന്തം പക്ഷത്ത് ചോര്‍ച്ചയുണ്ടാകാതിരിക്കാന്‍ ബിജെപി പാര്‍ട്ടി എംഎല്‍എമാരെ കൂട്ടത്തോടെ ഡെല്‍ഹിയിലെത്തിച്ചിരുന്നു. ബിജെപിയുടെ 104 എംഎല്‍എമാരില്‍ 102 പേരും ഇപ്പോള്‍ തലസ്ഥാനത്തുണ്ട്.ഇവരെ രാത്രിയോടെ ഹരിയാനയിലെ ഗുരുഗ്രാമിലേക്കു മാറ്റി.അതേസമയം മുംബൈയിലേക്കു പോയ തങ്ങളുടെ മൂന്നു എംഎല്‍എമാരെ തിരികെയെത്തിക്കാന്‍ മന്ത്രി ഡി.കെ.ശിവകുമാറിനെ മുംബൈയിലേക്കു നിയോഗിച്ചിട്ടുണ്ടെന്നു കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പറഞ്ഞു.എന്നാൽ ബിജെപിയല്ല, കോണ്‍ഗ്രസ് ആണ് കുതിരക്കച്ചടവടത്തിന് ശ്രമിക്കുന്നതെന്നും രണ്ടു ദിവസം എംഎല്‍എമാരെ സുരക്ഷിതമായി ഡെല്‍ഹിയില്‍ പാര്‍പ്പിക്കുമെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്.യെഡിയൂരപ്പ പറഞ്ഞു.