കോഴിക്കോട്:ഹീമോഫീലിയ ബാധിതനായ പത്തൊന്പതുകാരന് എയ്ഡ്സ് രോഗമുണ്ടെന്ന തെറ്റായ പരിശോധനാഫലം നൽകിയ സ്വകാര്യ ലാബ് രണ്ടു കുടുംബങ്ങളെ തീതീറ്റിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജിനടുത്തുള്ള ആലിയ ലാബ് ആണ് ഇല്ലാത്ത എയ്ഡ്സ് രോഗമുണ്ടെന്ന് റിപ്പോർട് നൽകിയത്.മലപ്പുറം കോട്ടക്കൽ സ്വദേശിയായ യുവാവാണ് ഹീമോഫിലിയ ചികിത്സയുടെ ഭാഗമായി രക്തം മാറാൻ മെഡിക്കൽ കോളേജിലെത്തിയത്.ഇയാളുടെ ദേഹത്ത് സിറിഞ്ചു കുത്തുന്നതിനിടെ അബദ്ധത്തിൽ പുരുഷ നഴ്സിന്റെ കയ്യിൽ സൂചി കൊണ്ട് മുറിവുണ്ടായി.നേഴ്സ് ഡോക്ടറോട് കാര്യം പറഞ്ഞപ്പോൾ യുവാവിന് എയ്ഡ്സ് ടെസ്റ്റ് നടത്താൻ ഡോക്ടർ നിർദേശിക്കുകയായിരുന്നു.മെഡിക്കൽ കോളേജിലെ ലാബ് അടച്ചതിനാൽ സ്വകാര്യലാബിലാണ് രക്തം പരിശോധിച്ചത്.എച്.ഐ.വി പോസിറ്റീവ് എന്ന ഫലമാണ് അവർ നൽകിയത്.ഫലം കണ്ട നഴ്സും ആശങ്കയിലായി.ഇതോടെ വീണ്ടും ഡോക്ടർ യുവാവിന്റെ രക്തം പരിശോധിക്കാൻ നിർദേശിച്ചു.മറ്റൊരു സ്വകാര്യ ലാബിൽ പരിശോധിച്ചപ്പോൾ എച്.ഐ.വി നെഗറ്റീവ് ആയിരുന്നു ഫലം.ഇന്നലെ രാവിലെ മെഡിക്കൽ കോളേജിലെ ലാബിൽ പരിശോധിച്ച് എച്.ഐ.വി ഇല്ലെന്നു സ്ഥിതീകരിച്ചു.ഇതിനിടെ മാനസിക സമ്മർദ്ദത്തിലായ നേഴ്സ് എയ്ഡ്സ് പ്രതിരോധ ഗുളിക കഴിച്ചിരുന്നു.അതിന്റെ പാർശ്വഫലമായി അസുഖമുണ്ടായതായും പറയുന്നു.ആലിയ ലാബ് ഗുരുതര വീഴ്ചയാണ് നടത്തിയത്.ഒരു രോഗിക്ക് എച്.ഐ.വി പോസിറ്റീവ് എന്ന് കണ്ടാൽ വീണ്ടും രക്തം പരിശോധിക്കണം.അതുചെയ്തില്ല.പരിശോധന ഫലം ഡോക്ടറുടെ അടുത്തെത്തിക്കുകയോ വിളിച്ചറിയിക്കുകയോ ചെയ്യണം.എന്നാൽ ലാബുകാർ ലാഘവത്തോടെ കുട്ടിയുടെ കൂട്ടിരുപ്പുകാർക്ക് റിസൾട്ട് കൈമാറുകയായിരുന്നു.