Kerala, News

ദുബൈയില്‍ നിന്നും കണ്ണൂരില്‍ വിമാനമിറങ്ങിയ രണ്ടു പ്രവാസികളെ കൊവിഡ് കെയര്‍ ഹോമിലേക്ക് മാറ്റി

keralanews two expatriate reached kannur airport from dubai shifted to covid care home

കണ്ണൂർ:വന്ദേഭാരത് മിഷന്‍ പദ്ധതിയുടെ ഭാഗമായി ദുബൈയില്‍ നിന്നും കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന പ്രവാസികളില്‍ രണ്ടുപേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഇവരെ കോവിഡ് കെയർ ഹോമിലേക്ക് മാറ്റി.അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് കൊവിഡ് കെയര്‍ ആശുപത്രിയിലേക്കാണ് ഇവരെ മാറ്റിയത്. ആശുപത്രിയിലേക്ക് വിമാനത്താവളത്തില്‍ നിന്നും പ്രത്യേക ആംബുലന്‍സിലാണ് ഇവരെ കൊണ്ടുപോയത്. ഇവരില്‍ ഒരാള്‍ വടകര സ്വദേശിയും മറ്റൊരാള്‍ കണ്ണൂര്‍ കടമ്പൂർ സ്വദേശിയുമാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വന്ദേ ഭാരത് മിഷന്‍ പദ്ധതിയുടെ ഭാഗമായി ദുബൈയിലെ പ്രവാസികളുമായി ചൊവ്വാഴ്ച രാത്രി 7.20 മണിക്കാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കണ്ണൂരിലെത്തിയത്. കുട്ടികളും ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെടെ 180 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ 109 പേര്‍ കണ്ണൂര്‍ സ്വദേശികളാണ്.കാസര്‍കോട്- 48, കോഴിക്കോട്- 12, മലപ്പുറം – 8, തൃശൂര്‍ – 1, വയനാട്-1 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ നിന്നുള്ള യാത്രക്കാര്‍.മാഹി സ്വദേശികളായ 3 പേരും വിമാനത്തില്‍ ഉണ്ടായിരുന്നു. ഇവരില്‍ 104 പേരെ കൊറോണ കെയര്‍ സെന്ററുകളിലേക്ക് പ്രത്യേക വാഹനങ്ങളില്‍ അയച്ചു. ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെടെ 78 പേരെ സ്വന്തം വാഹനങ്ങളിലും എയര്‍പോര്‍ട്ടിലെ പ്രീപെയ്ഡ് ടാക്സികളിലുമായി വീടുകളിലേക്ക് ക്വാറന്റൈനില്‍ വിട്ടു.ഗര്‍ഭിണികള്‍, അവരുടെ പങ്കാളികള്‍, 14 വയസ്സിനു താഴെയുള്ള കുട്ടികള്‍, 75നു മുകളില്‍ പ്രായമുള്ളവര്‍ തുടങ്ങിയവരെയാണ് വീടുകളിലേക്ക് വിട്ടത്.കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ വിമാനത്തിലെത്തുന്നവരെ സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനും ക്വാറന്റൈനിലേക്ക് അയക്കുന്നതിനുമായി വിപുലമായ സംവിധാനമാണ് ജില്ലാഭരണകൂടം വിമാനത്താവളത്തില്‍ ഒരുക്കിയത്.സാമൂഹിക അകലം പാലിച്ച്‌ 20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കിയത്. എയറോഡ്രോമില്‍ നിന്ന് പുറത്തിറങ്ങുന്ന സ്ഥലത്ത് തന്നെ ഓരോരുത്തരെയും ആരോഗ്യ പരിശോധന നടത്തുന്നതിനായി ആരോഗ്യ വകുപ്പിന്റെ അഞ്ച് പ്രത്യേക കൗണ്ടറുകളാണ് സജ്ജമാക്കിയിരുന്നത്. ഇവിടെ വെച്ച്‌  നടത്തിയ പരിശോധനയിൽ രോഗലക്ഷണങ്ങള്‍ കണ്ടവരെ പ്രത്യേക വഴിയിലൂടെ പുറത്തെത്തിച്ചാണ് ആശുപത്രിലേക്ക് എത്തിച്ചത്. ഇവരുടെ ലഗേജ് പരിശോധനയും പ്രത്യേകമായാണ് നടത്തിയത്.യാത്രക്കാരുടെ സ്‌ക്രീനിംഗ്, എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍, ബാഗേജ് നീക്കം എന്നിവയ്ക്കും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.

Previous ArticleNext Article