തിരുവനന്തപുരം:തിരുവനന്തപുരം പാറശ്ശാല കുന്നത്തുകാലിലെ പാറമടയിലുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു.സേലം സ്വദേശി സതീഷ്,മാലകുളങ്ങര സ്വദേശി ബിനിൽ കുമാർ എന്നിവരാണ് മരിച്ചത്.ഏഴുപേർക്ക് പരിക്കേറ്റിട്ടുണ്ട്.കോട്ടപ്പാറയിൽ അലോഷ്യസ് എന്നയാളുടെ പാറമടയിലാണ് അപകടമുണ്ടായത്.ഇന്ന് രാവിലെ പാറപൊട്ടിക്കുന്നതിനിടെ ഒരു ഭാഗം അടർന്നു വീണാണ് അപകടമുണ്ടായത്.എഴുപ്പത്തഞ്ചോളം അടി മുകളിൽ നിന്ന് പാറകൾ അടർന്ന് തൊഴിലാളികളുടെ മേൽ പതിക്കുകയായിരുന്നു.പാറക്കടിയിൽ അകപ്പെട്ട എല്ലാവരെയും പുറത്തെടുത്തു.ക്വാറിയിൽ അപകടസമയത്ത് ഇരുപതോളം തൊഴിലാളികൾ ഉണ്ടായിരുന്നു. സുധിന്‍ (23), അജി (45) എന്നിവരാണ് ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരുടെ നില ഗുരുതരമാണെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.അപകടമുണ്ടായ ക്വാറി ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതാണെന്നും ഇതിനെതിരെ നാട്ടുകാർ നിരവധി തവണ പരാതി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.അപകട സമയത്ത് ക്വാറിയിലുണ്ടായിരുന്ന മണ്ണുമാന്തി യന്ത്രത്തിന് മുകളിലേക്കാണ് ഇടിഞ്ഞ പാറയുടെ ഒരു വലിയ ഭാഗം വന്ന് പതിച്ചത്. മണ്ണുമാന്തി യന്ത്രം പൂർണമായി തകർന്നു.അതേസമയം അപകടത്തിൽ പരിക്കേറ്റവർക്ക് എല്ലാവിധ ശസ്ത്രക്രിയ ഇൻപ്ലാന്റും പരിശോധനകളും സൗജന്യമായി ചെയ്തു കൊടുക്കുമെന്ന് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.