
കണ്ണൂർ:ശക്തമായ മഴയിലും കാറ്റിലും പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് കുട്ടിയടക്കം രണ്ടുപേർ മരിച്ചു.ന്യൂ മാഹി അഴിയൂരിലാണ് അപകടം നടന്നത്.അഴിയൂര്‍ ബോര്‍ഡ് സ്കൂളിന് സമീപം താമസിക്കുന്ന ഇര്ഫാന് (30), സഹല്‍ (10) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് അപകടം. വയസുകാരനായ സഹലിനാണ് ആദ്യം ഷോക്കേറ്റത്.കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇര്ഫാന് ഷോക്കേറ്റത്. ഇരുവരുടെയും മൃതദേഹം മാഹി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.മഴവെള്ളം കെട്ടിനിന്ന വഴിയില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണതാണ് അപകടത്തിന് കാരണമായത്. ആള് സഞ്ചാരം കുറഞ്ഞ വഴിയില്‍ ലൈന്‍ പൊട്ടിവീണത് സമീപവാസികളുടെ ശ്രദ്ധയില്‍പെട്ടിരുന്നില്ല.മഴവെള്ളത്തിൽ തേങ്ങ വീണ് കിടക്കുന്നത് കണ്ട് സഹല്‍ എടുക്കാന്‍ വെള്ളത്തിലിറങ്ങിയപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന സ്ത്രീകളുടെ കരച്ചില് കേട്ടാണ് ഇര്ഫാന് എത്തിയത്. സഹലിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇര്‍ഫാനും അപകടത്തില്‍ പെടുകയായിരുന്നു.ഇരുവരും അയല്‍വാസികളാണ്.