
കോഴിക്കോട്:കോഴിക്കോട് മലയമ്മയിൽ വ്യാജമദ്യം കഴിച്ച് രണ്ട് മരണം.നാലു പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിലൊരാളുടെ നില ഗുരുതരമാണ്.ചാത്തമംഗലം സ്വദേശി ബാലൻ(54),സ്വകാര്യ ആശുപത്രി ജീവനക്കാരനായ സന്ദീപ്(38) എന്നിവരാണ് മരിച്ചത്.ആശുപത്രിയിൽ ഉപയോഗിക്കുന്ന സ്പിരിറ്റ് മദ്യത്തിൽ ചേർത്ത് കുടിച്ചതാണ് അപകടത്തിന് കാരണമെന്നു സംശയിക്കുന്നു.കുന്ദമംഗലത്തിനടുത്ത് വ്യാഴാഴ്ച കിണർ നന്നാക്കുന്നതിനിടയിലാണ് ഇവരെല്ലാം ഒരുമിച്ചു മദ്യം കഴിച്ചത്.ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിൽ ബാലൻ ആശുപത്രിയിൽ എത്തുന്നതിനെ മുൻപേ മരിച്ചിരുന്നു.രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ പോലീസ് നടത്തിയ തിരച്ചിലിലാണ് മറ്റുള്ളവരെയും അവശനിലയിൽ കണ്ടെത്തിയത്.തുടർന്ന് പോലീസ് തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രി ജീവനക്കാരനായ സന്ദീപ് കൊണ്ടുവന്ന സ്പിരിറ്റാവാം ഇവർ കുടിച്ചതെന്നാണ് കരുതുന്നത്.