തിരുവനന്തപുരം:കേരളം വിധിയെഴുതാൻ ഇനി രണ്ടു നാൾ കൂടി.നാളെ വൈകുന്നേരത്തോടെ പരസ്യപ്രചാരത്തിന് അന്ത്യമാകും. നാളെ വൈകിട്ട് അഞ്ചിനാണ് കൊട്ടിക്കലാശം. പ്രചാരണത്തിന്റെ അവസാന ലാപ്പിലെത്തിയപ്പോള്‍ ദേശീയ, സംസ്ഥാന രാഷ്ട്രീയ പ്രശ്നങ്ങളുയർത്തിയുള്ള ആരോപണ പ്രത്യാരോപണങ്ങളാല്‍ കളം നിറയുകയാണ് മൂന്ന് മുന്നണികളും.അവസാന നിമിഷം ദേശീയ നേതാക്കളെ എത്തിച്ച് വോട്ട് ഉറപ്പിക്കാന്‍ ആഞ്ഞു ശ്രമിക്കുകയാണ് മുന്നണികള്‍.21ന് വൈകുന്നേരം ആറു വരെയാണ് പരസ്യ പ്രചാരണത്തിന് അനുമതി. കൊട്ടിക്കലാശം ആവേശോജ്ജ്വലമാക്കാനുള്ള തയാറെടുപ്പിലാണ് മുന്നണികൾ. ഒപ്പം അനിഷ്ടസംഭവങ്ങളൊഴിവാക്കാൻ കർശന സുരക്ഷ ഒരുക്കി പൊലീസും.പര്യടനങ്ങൾ ഏറക്കുറെ പൂർത്തിയാക്കിയ സ്ഥാനാർഥികൾ വിട്ടുപോയവ പൂർത്തീകരിക്കാനുള്ള തിരക്കിലാണ്. യു.ഡി.എഫിനുവേണ്ടി രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കം നേതാക്കളും ഇടതുമുന്നണിക്കുവേണ്ടി സീതാറാം യെച്ചൂരി, സുധാകർ റെഡ്ഡി അടക്കമുള്ളവരും ബി.ജെ.പിക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർട്ടി അധ്യക്ഷൻ അമിത് ഷാ എന്നിവരുമാണ് ജനത്തെ ഇളക്കിമറിക്കാനെത്തുന്നത്.