കണ്ണൂർ:എട്ടുകിലോ കഞ്ചാവുമായി കണ്ണൂരിൽ രണ്ടുയുവാക്കൾ അറസ്റ്റിൽ. വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടുകൂടിയാണ് കണ്ണൂർ സിറ്റി സ്വദേശി അബ്ദുൽ റൗഫ്(28),മരക്കാർകണ്ടിയിലെ മുഹമ്മദ് ഷഫീക്ക്(28) എന്നിവർ പോലീസ് പിടിയിലായത്.ബെംഗളൂരുവിൽ നിന്നും പുലർച്ചെ കണ്ണൂരിൽ ബസ്സിറങ്ങിയതാണ് ഇരുവരും.രാത്രി പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് സംഘത്തിന് ഇവരെ കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ടുപേരും പിടിയിലാകുന്നത്.പോലീസിനെ കണ്ടതോടെ ഇവർ മറഞ്ഞുനിന്നെങ്കിലും കൃത്യമായ വിവരം ലഭിച്ചതിനാൽ ഇവരെ പിടികൂടുകയായിരുന്നു.രണ്ടു ബാഗുകളിലായി സൂക്ഷിച്ച നിലയിലാണ് ഇവരിൽ നിന്നും കഞ്ചാവ് പിടികൂടിയത്.ഒന്നരവർഷം മുൻപ് കണ്ണൂർ സിറ്റിയിൽ ഒരു യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതിയാണ് അറസ്റ്റിലായ അബ്ദുൽ റൗഫ്. ഈ കേസിൽ ജാമ്യത്തിനിറങ്ങിയാണ് ഇയാൾ കഞ്ചാവ് കച്ചവടം തുടങ്ങിയത്.കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ കണ്ണൂർ ടൌൺ സ്റ്റേഷൻ പരിധിയിൽ നിന്നുമാണ് ഏറ്റവും കൂടുതൽ ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്.സ്കൂൾ,കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് ലഹരിസംഘങ്ങൾ കൂടുതലായും പ്രവർത്തിക്കുന്നത്.കഴിഞ്ഞ ദിവസം തലശ്ശേരി നഗരമധ്യത്തിൽ കഞ്ചാവ് വിൽപ്പന നടത്തുകയായിരുന്നയാളെ എക്‌സൈസ് സംഘം നഗരത്തിലൂടെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.തലശ്ശേരി ചാക്കേരി വീട്ടിൽ കെ.എൻ അക്ബർ ആണ് പിടിയിലായത്.ഇയാളുടെ പക്കൽ നിന്നും 24 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.എക്‌സൈസ് സംഘത്തെ കണ്ട് നഗരത്തിലൂടെ ഓടിയ പ്രതിയെ മട്ടാമ്പ്രം പള്ളിക്ക് സമീപത്തുവെച്ച് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു.