Kerala, News

30 കോടി വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായി കണ്ണൂരിൽ രണ്ട് പേർ പിടിയിൽ

keralanews two arrested with ambergris worth 30 crore in kannur

കണ്ണൂർ: 30 കോടി വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായി കണ്ണൂരിൽ രണ്ട് പേർ പിടിയിലായി.ഒന്‍പത് കിലോയിലധികംവരുന്ന ആംബര്‍ഗ്രീസിന് ലോകമാര്‍ക്കറ്റില്‍ 30 കോടിയോളം വിലവരുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തിരുവനന്തപുരം ഫോറസ്റ്റ് വിജിലന്‍സ് പി.സി.സി.എഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പിന്റെ പരിശോധനയിലാണ് വാഹനവുമായി പ്രതികള്‍ പിടിയിലായത്. മാതമംഗലം-കോയിപ്ര റോഡില്‍ കണ്ണൂര്‍ ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസറും തളിപ്പറമ്പ റേഞ്ച് ഓഫീസറും സംഘവും സംയുക്തമായാണ് പരിശോധന നടത്തിയത്.കോയിപ്ര സ്വദേശി കെ.ഇസ്മായില്‍ (44), ബെംഗളൂരു കോറമംഗല സ്വദേശിയായ അബ്ദുല്‍ റഷീദ് (53) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തു. ആംബര്‍ഗ്രീസ് നിലമ്ബൂര്‍ സ്വദേശികള്‍ക്ക് 30 കോടി രൂപയ്ക്ക് വില്ക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. തളിപ്പറമ്പിൽ സി.സി.ടി.വി. ബിസിനസ് നടത്തുന്ന ഇസ്മായിലാണ് ബെംഗളൂരുവിലെ റഷീദില്‍നിന്ന് ആംബര്‍ഗ്രീസ് വാങ്ങിയത്.

എണ്ണത്തിമിംഗിലങ്ങളിലുണ്ടാകുന്ന ആംബര്‍ഗ്രീസ് ഔഷധ-സുഗന്ധദ്രവ്യ നിര്‍മ്മാണത്തിനാണ് ഉപയോഗിക്കുന്നത്. ഇന്ത്യയിലെ വന്യജീവി സംരക്ഷണ നിയമത്തില്‍ ഷെഡ്യൂള്‍ രണ്ടില്‍ പെട്ട എണ്ണത്തിമിംഗിലത്തിന്റെ ഏതെങ്കിലും ഉത്പന്നങ്ങള്‍ കൈവശം വെക്കുകയോ വ്യാപാരം നടത്തുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഇതാണ് കേസിനും അറസ്റ്റിനും കാരണം.സ്‌പേം തിമിംഗലങ്ങളുടെ ദഹനേന്ദ്രിയവ്യവസ്ഥയില്‍ മെഴുകുപോലെ രൂപപ്പെടുന്ന ഒരു ഖരവസ്തുവാണ് തിമിംഗല ഛര്‍ദ്ദി അഥവാ ആംബര്‍ ഗ്രീസ്. കണ്ടാല്‍ പാറ പോലെ തോന്നുന്ന ഈ ഖരവസ്തുചാരനിറത്തിലുള്ളതും തീപിടിക്കുന്നതുമാണ്. പെര്‍ഫ്യൂം സുഗന്ധം കൂടുതല്‍ നേരം നിലനിര്‍ത്താന്‍ ആണ് ആംബര്‍ഗ്രീസ് എന്ന ഈ അപൂര്‍വ്വ പദാര്‍ത്ഥം ഉപയോഗിക്കുന്നത്. എണ്ണത്തിമിംഗലങ്ങള്‍ വംശനാശ ഭീഷണി നേരിടുന്ന ജീവികളായതിനാലാണ് ആംബര്‍ഗ്രീസ് കൈവശം വെയ്ക്കുന്നത് കുറ്റകരം ആകുന്നത്.

Previous ArticleNext Article