കണ്ണൂർ:ഇരിട്ടിയിൽ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ.ചാവശ്ശേരി ജംഷീറ മൻസിലിൽ മുനവ്വർ(33),നടുവനാട് കണ്ണിക്കറിയിൽ മുഹമ്മദ്(33) എന്നിവരെയാണ് ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തത്.പായം വട്ട്യറ എരുമത്തടത്തിൽ ഈ മാസം 11 നാണ് സംഭവം.കാറിലെത്തിയ യുവാക്കൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.വിദ്യാർഥികൾ എരുമത്തടത്തെ വീട്ടിലേക്ക് നടന്നു പോകവേ കാറിലെത്തിയ യുവാക്കൾ ഇവരുടെ വഴിചോദിക്കുകയും പിന്നീട് മുന്നോട്ട് പോയ കാർ തിരിച്ചെത്തി എട്ടാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ കഴുത്തിൽ പിടിച്ച് മർദിക്കുകയും കാറിലേക്ക് വലിച്ചു കയറ്റാൻ ശ്രമിക്കുകയുമായിരുന്നു.കൂടെ ഉണ്ടായിരുന്ന മറ്റ് വിദ്യാർഥികൾ ബഹളം വെച്ചതിനെ തുടന്ന് സമീപവാസികൾ ഓടിയെത്തിയതോടെ യുവാക്കൾ അതിവേഗം കാർ ഓടിച്ച് രക്ഷപ്പെട്ടുപോവുകയായിരുന്നു.നിറം ഒഴികെ കാറിന്റെ നമ്പറോ മാറ്റ് കാര്യങ്ങളോ കുട്ടികൾക്ക് അറിയാമായിരുന്നില്ല.ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിലിന്റെ നേതൃത്വത്തിൽ സിഐ എ.കുട്ടികൃഷ്‌ണൻ,എസ്.ഐ ദിനേശൻ കൊതേരി,സിവിൽ പോലീസ് ഓഫീസർമാരായ കെ.നവാസ്,റോബിൻസൺ,കെ.പി ഷൗക്കത്ത് എന്നിവരടങ്ങുന്ന സംഘം നടത്തിയ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് യുവാക്കൾ പിടിയിലാകുന്നത്.പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചതിൽ നിന്നുമാണ് പൊലീസിന് പ്രതികളെ കുറിച്ചുള്ള സൂചന ലഭിക്കുന്നത്.തട്ടിക്കൊണ്ടുപോകൽ,പോക്സോ എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.